ലൗറ്ററോക്ക്‌ കൂട്ടായി മറ്റൊരു അർജന്റൈൻ സ്ട്രൈക്കർ ഇന്ററിൽ എത്തുന്നു!

കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ സിരി എ ചാമ്പ്യൻമാരാക്കുന്നതിൽ വലിയ പങ്ക് വഹിച്ച താരങ്ങളിൽ ഒരാളാണ് അർജന്റൈൻ സ്ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ്. സഹതാരമായിരുന്ന റൊമേലു ലുക്കാക്കു ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ടിരുന്നു. ഏതായാലും മുന്നേറ്റനിരയിലേക്ക് മറ്റൊരു അർജന്റൈൻ താരത്തെ കൂടി എത്തിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ ഇന്റർമിലാനുള്ളത്.ലാസിയോയുടെ അർജന്റൈൻ സ്‌ട്രൈക്കറായ ജോക്കിൻ കൊറേയയാണ് ഇന്റർ മിലാനിൽ എത്തുക.പ്രമുഖ മാധ്യമമായ സ്കൈ സ്‌പോർട് ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ലോൺ അടിസ്ഥാനത്തിലായിരിക്കും കൊറേയ ടീമിൽ എത്തുക. പിന്നീട് താരത്തെ സ്ഥിരപ്പെടുത്താനാണ് ഇന്ററിന്റെ പദ്ധതി.5 മില്യൺ യൂറോ ലോൺ തുകയും 26 മില്യൺ യൂറോ ട്രാൻസ്ഫർ തുകയുമായി ആകെ 31 മില്യൺ യൂറോയായിരിക്കും താരത്തിന് വേണ്ടി ഇന്റർ ചിലവഴിക്കേണ്ടി വരിക.മുൻ ലാസിയോ പരിശീലകനും നിലവിൽ ഇന്റർ പരിശീലകനുമായ സിമോൺ ഇൻസാഗിയാണ് ഈ ട്രാൻസ്ഫറിന് മുൻ കൈ എടുക്കുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

27-കാരനായ താരത്തിന് പ്രീമിയർ ലീഗ് ക്ലബായ എവെർട്ടണിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ താരം സിരി എ യിൽ തന്നെ തുടരാനാണ് താല്പര്യപ്പെട്ടത്.ഈ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റൈൻ ടീമിന്റെ ഭാഗമാവാൻ കൊറേയക്ക്‌ സാധിച്ചിരുന്നു. ഏതായാലും ലൗറ്ററോക്കും കൊറേയക്കും ഒരുമിച്ച് കളിക്കാനായാൽ അത് അർജന്റീനക്കും ഗുണകരമാവുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *