യുവന്റസിലേക്കെത്തുമോ? ഇറ്റാലിയൻ സൂപ്പർ താരം പറയുന്നു!

ഈ കഴിഞ്ഞ യൂറോ കപ്പിൽ ജേതാക്കളായ ഇറ്റാലിയൻ ടീമിന്റെ ഭാഗമായിരുന്നു മിഡ്‌ഫീൽഡറായ മാനുവൽ ലോക്കാടെല്ലി. സൂപ്പർ താരം മാർക്കോ വെറാറ്റി പരിക്കേറ്റ് പുറത്തിരുന്ന മത്സരങ്ങളിലായിരുന്നു ലോക്കാടെല്ലി അസൂറിപ്പടക്ക് വേണ്ടി ജേഴ്സി അണിഞ്ഞിരുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം ലഭിച്ച അവസരങ്ങൾ പുറത്തെടുത്തത്.സ്വിറ്റ്സർലാന്റിനെതിരെയുള്ള മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. സിരി എ ക്ലബായ സാസുവോളോക്ക്‌ വേണ്ടി കളിക്കുന്ന താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ വമ്പൻമാരായ യുവന്റസ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആ ട്രാൻസ്ഫർ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ലോക്കാടെല്ലി. താൻ ഒരിക്കലും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് താരം പറഞ്ഞത്.

” ഇതുവരെ ഞാൻ യുവന്റസിലേക്ക്‌ എത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് കഴിയുമായിരുന്നില്ല.യുവന്റസ് എന്നിൽ താല്പര്യം പ്രകടിപ്പിച്ചു എന്നുള്ളത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.യുവന്റസ് ഒരു മികച്ച ടീമാണ് എന്നുള്ളത് ഞാൻ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട് ” ലോക്കാടെല്ലി സ്കൈ സ്‌പോർട് ഇറ്റാലിയയോട് പറഞ്ഞു.

സ്പെയിനെതിരെയുള്ള മത്സരത്തിൽ ലോക്കാടെല്ലി പെനാൽറ്റി പാഴാക്കിയിരുന്നു. എന്നാൽ അന്ന് കെയ്ല്ലേനി തനിക്ക് ആശ്വാസമായെന്ന് ലോക്കാടെല്ലി കൂട്ടിച്ചേർത്തിട്ടുണ്ട്. ” ആ നിമിഷത്തിൽ എന്റെ ചുറ്റുമുള്ളതെല്ലാം തകർന്ന് വീഴുന്നതായി തോന്നി.പക്ഷേ കെയ്ല്ലേനി ബാക്കിയുള്ളവരെയെല്ലാം പ്രചോദിപ്പിച്ചു.ഞങ്ങൾ ജയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.ഫൈനൽ മത്സരത്തിലും ഞങ്ങൾക്കെല്ലാം ധൈര്യം പകർന്നു തന്നത് കെയ്ല്ലേനിയായിരുന്നു ” ലോക്കാടെല്ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *