യുവന്റസിന്റെ സൂപ്പർ താരത്തെ ബെക്കാമിന്റെ ഇന്റർമിയാമി റാഞ്ചി !

യുവന്റസിന്റെ മധ്യനിര താരം ബ്ലൈസ് മറ്റിയൂഡി ഇനി ബെക്കാമിന്റെ ഇന്റർമിയാമിക്ക് വേണ്ടി പന്തുതട്ടും. യുവന്റസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുപ്പത്തിമൂന്നുകാരനായ താരം കഴിഞ്ഞ ദിവസം പാരിസിൽ വെച്ച് മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. ഇന്റർമിയാമിയുടെ ആദ്യത്തെ ബിഗ് സൈനിങ്‌ ആണിത്. മൂന്ന് വർഷം യുവന്റസിൽ ചിലവഴിച്ചതിന് ശേഷമാണ് താരം ക്ലബ് വിടുന്നത്. യുവന്റസിന്റെ പരിശീലകൻ പിർലോ മധ്യനിരയിൽ കാര്യമായി മാറ്റം വരുത്താനുള്ള പദ്ധതിയിലാണ്. ഇതേതുടർന്നാണ് താരം ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കെ ക്ലബ് വിടുന്നത്.

2017-ൽ ആയിരുന്നു താരം പിഎസ്ജിയിൽ നിന്ന് യുവന്റസിലേക്ക് എത്തിയത്. നാല് ലീഗ് വൺ കിരീടം പിഎസ്ജിയോടൊപ്പം നേടിയതിന് ശേഷമാണ് മറ്റിയൂഡി യുവന്റസിൽ എത്തിയത്. 2018-ൽ ഫ്രഞ്ച് ടീമിനൊപ്പം വേൾഡ് കപ്പ് നേടുന്നതിൽ താരം നിർണായകപങ്ക് വഹിച്ചിട്ടുണ്ട്.തുടർന്ന് രണ്ടു വർഷം കൂടി യുവന്റസിൽ ചിലവഴിച്ചതിന് ശേഷമാണ് താരം ഇന്റർമിയാമിയിലേക്ക് ചേക്കേറുന്നത്. താരത്തെ കൂടാതെ ജർമ്മൻ താരം മരിയോ ഗോട്‌സെയെയും ടീമിൽ എത്തിക്കാൻ ബെക്കാം ശ്രമം നടത്തിയിരുന്നു. എന്നാൽ താരം ഈ ഓഫർ നിരസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *