മെസ്സിയും CR7 നും അന്യഗ്രഹത്തിൽ നിന്നുള്ളവർ,CR7 നൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യം : മാറ്റിപ്പറഞ്ഞ് കെയ്ലേനി!

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയത്.ഇതിന് ശേഷം യുവന്റസിന്റെ ഡിഫൻഡർമാരായ ബൊനൂച്ചിയും കെയ്ലേനിയും ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശിക്കുകയും ചെയ്തിരുന്നു. അതായത് ക്രിസ്റ്റ്യാനോ ടീം വിട്ടത് യുവന്റസിന് ഗുണകരമാണ് എന്നുള്ള രൂപത്തിലായിരുന്നു ഇവർ രണ്ടുപേരും മുമ്പ് സംസാരിച്ചിരുന്നത്.

എന്നാൽ കെയ്ലേനി തന്റെ നിലപാടിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്.അതായത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അന്യഗ്രഹത്തിൽ നിന്നും വന്നവരാണെന്നും ക്രിസ്റ്റ്യാനോയോടൊപ്പം കളിക്കാൻ സാധിച്ചത് തനിക്ക് ലഭിച്ച ഒരു ഭാഗ്യമാണ് എന്നുമാണ് ഇപ്പോൾ കെയ്ലേനി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ദി ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെയ്ലേനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അന്യഗ്രഹ ജീവികളാണ്. നമ്മുടെ കൂട്ടത്തിൽ പെട്ടവരല്ല. മൂന്നുവർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം യുവന്റസിൽ കളിക്കാൻ കഴിഞ്ഞതും ദിവസവും അദ്ദേഹത്തെ കാണാൻ കഴിഞ്ഞതുമൊക്കെ ഒരു ഭാഗ്യമാണ്.അദ്ദേഹത്തിന്റെ ചില രഹസ്യങ്ങൾ നമുക്ക് മനസ്സിലാവും. അതായത് തന്റെ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി അദ്ദേഹം എന്നും വർക്ക് ചെയ്യും. വലിയ നിമിഷങ്ങളിൽ അദ്ദേഹം ഗോളുകൾ നേടും. നിങ്ങൾക്ക് എപ്പോഴാണോ അദ്ദേഹത്തെ ആവശ്യം അവിടെ ക്രിസ്റ്റ്യാനോ ഉണ്ടാകും.അദ്ദേഹം തനിച്ചാണ്. പക്ഷേ അദ്ദേഹം ടീമിൽ ഉണ്ടെങ്കിൽ മറ്റുള്ളവരേക്കാൾ മികച്ച രൂപത്തിൽ കളിക്കാൻ നിങ്ങൾക്ക് കഴിയും. അദ്ദേഹം ഗോളുകൾ നേടുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ സാധിക്കും ” ഇതാണ് കെയ്ലേനി പറഞ്ഞിട്ടുള്ളത്.

വരുന്ന വേൾഡ് കപ്പിന് യോഗ്യത നേടാൻ ഇരുവരുടെയും ടീമുകളായ പോർച്ചുഗല്ലിനും ഇറ്റലിക്കും സാധിച്ചിട്ടില്ല. പക്ഷേ പ്ലേ ഓഫ് മത്സരത്തിൽ ഇരുവരും നേർക്കുനേർ വരാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *