ഒരുപാട് കാലം നമ്മൾ ഒരുമിച്ചുണ്ടാവുമെന്ന് കരുതി : യുവന്റസ് ആരാധകർക്ക് വിടവാങ്ങൽ സന്ദേശവുമായി ഡിബാല!

ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ യുവന്റസ് കളത്തിലിറങ്ങുന്നുണ്ട്.ലാസിയോയാണ് യുവന്റസിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് യുവന്റസിന്റെ മൈതാനമായ അലയൻസ് അരീനയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല സ്വന്തം മൈതാനത്ത് വെച്ച് കളിക്കുന്ന അവസാന മത്സരമായിരിക്കും ഇത്. ഇതിന് മുന്നോടിയായി വൈകാരികമായ ഒരു വിടവാങ്ങൽ സന്ദേശം ഇപ്പോൾ ഡിബാല യുവന്റസ് ആരാധകർക്ക് നൽകിയിട്ടുണ്ട്.തന്റെ ട്വിറ്ററിലൂടെ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” ശരിയായ വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ഒരു സമയമാണിത്. നമ്മൾ ഒരുപാട് വർഷങ്ങൾ ഒരുമിച്ചായിരുന്നു. ഇക്കാലയളവിൽ ഒരുപാട് വൈകാരിക നിമിഷങ്ങൾ നമ്മൾ പങ്കിട്ടു. ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ചുണ്ടാകുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.എന്നാൽ വിധി നമ്മെ രണ്ടു വഴികളിലേക്കാണ് ഇപ്പോൾ തിരിച്ചുവിട്ടിരിക്കുന്നത്.യുവന്റസ് എനിക്കുവേണ്ടി ചെയ്തുതന്ന കാര്യങ്ങളെ ഞാനൊരിക്കലും മറക്കുകയില്ല. നിങ്ങളോടൊപ്പം യുവന്റസാണ് എന്നെ പക്വതയുള്ളവനാക്കിയതും പഠിപ്പിച്ചതും സ്വപ്നം കാണാൻ പ്രേരിപ്പിച്ചതുമൊക്കെ. 7 മാന്ത്രിക വർഷങ്ങളാണ് നമ്മൾ ചിലവഴിച്ചത്. അക്കാലയളവിൽ നേടിയ 12 കിരീടങ്ങളും 115 ഗോളുകളും ആർക്കും എടുത്തു മാറ്റാനാവില്ല. എന്റെ ബുദ്ധിമുട്ടേറിയ സമയത്തും പിന്തുണച്ചതിനു ഞാൻ നന്ദി അറിയിക്കുന്നു.ഈ ജേഴ്‌സിയിലെ എന്റെ അവസാന മത്സരമാണ് വരാൻ പോകുന്നത്. സങ്കൽപ്പിക്കാൻ കൂടി ബുദ്ധിമുട്ടുള്ള ഒരു കാര്യമാണിത്. പക്ഷേ ഇത് വിടപറയാനുള്ള സമയമാണ്. ഇതൊരിക്കലും എളുപ്പമല്ല. പക്ഷേ ഞാൻ തലയുയർത്തി കൊണ്ടാണ് കളം വിടുന്നത്.യുവന്റസിന് വേണ്ടി ഞാൻ എല്ലാം നൽകിക്കഴിഞ്ഞു എന്നെനിക്കറിയാം” ഇതാണ് ഡിബാല പറഞ്ഞിട്ടുള്ളത്.

2015-ൽ പാലെർമോയിൽ നിന്നും യുവന്റസിലെത്തിയ താരം ഫ്രീ ഏജന്റായി കൊണ്ടാണ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്.ഡിബാല ഇന്റർ മിലാനിലേക്ക് ചേക്കേറുമെന്നാണ് നിലവിലെ റൂമറുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!