അർജന്റൈൻ താരം ഡി പോളിനായി വല വീശി വമ്പൻ ക്ലബുകൾ!

ഈ സീസണിൽ ഉഡിനസിന് വേണ്ടി മികവുറ്റ രൂപത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ച താരമാണ് റോഡ്രിഗോ ഡി പോൾ. അർജന്റൈൻ മധ്യനിര താരമായ ഇദ്ദേഹം ഉഡിനസിന്റെ ക്യാപ്റ്റൻ കൂടിയാണ്. എന്നാൽ താരം ഈ സീസണോട് കൂടി ഉഡിനസ് വിട്ടേക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് 27 വയസ്സ് പൂർത്തിയായത്. ഇൻസ്റ്റാഗ്രാമിൽ ഉഡിനസ് താരത്തിന് ജന്മദിനാശംസകൾ അറിയിച്ച പോസ്റ്റിൽ ഡി പോൾ മറുപടി നൽകിയിരുന്നു. എല്ലാത്തിനും നന്ദി എന്നാണ് ഡിപോൾ അറിയിച്ചത്. താരം ക്ലബ്ബ് വിടുന്നതിന്റെ സൂചനയായിട്ടാണ് പല ആരാധകരും ഇതിനെ വ്യാഖ്യാനിക്കുന്നത്. മാത്രമല്ല പല വമ്പൻ ക്ലബ്ബുകളും താരത്തിനു വേണ്ടി രംഗപ്രവേശനം ചെയ്തു കഴിഞ്ഞിട്ടുമുണ്ട്. ഫുട്ബോൾ ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

സിരി എ വമ്പൻമാരായ യുവന്റസ്,ഇന്റർമിലാൻ എന്നിവരാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. കൂടാതെ പ്രീമിയർലീഗിലെ ലിവർപൂളും ലീഡ്സ് യുണൈറ്റഡും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നാപ്പോളി താരത്തിനു വേണ്ടി അന്വേഷണം നടത്തിയിരുന്നതായി ഉഡിനസ് വൈസ് പ്രസിഡന്റ്‌ കഴിഞ്ഞ ഏപ്രിലിൽ അറിയിച്ചിരുന്നു. ഇങ്ങനെ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾ ഡി പോളിനായി രംഗത്തുണ്ട്. താരത്തിന് 2024 വരെ കരാറുണ്ടെങ്കിലും താരം ആവിശ്യപ്പെട്ടാൽ ഉഡിനസ് ക്ലബ് വിടാൻ അനുവദിക്കും.35 മുതൽ 40 മില്യൺ യൂറോ വരെയാണ് താരത്തിന് വേണ്ടി ഉഡിനസ് പ്രതീക്ഷിക്കുന്നത്. അതേസമയംയുവന്റസിന്റെയും ഇന്റർ മിലാന്റെയും ആരാധകർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ക്ലബ്ബുകളിലേക്ക് ചേക്കേറാൻ ഡിപോളിനോട് അഭ്യർത്ഥിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *