സാറിയും ക്രിസ്റ്റ്യാനോയും എങ്ങും പോവുന്നില്ലെന്ന് യുവന്റസ് ഡയറക്ടർ

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ മൗറിസിയോ സാറിയും യുവന്റസിൽ തന്നെ തുടരുമെന്ന് ഡയറക്ടർ. ക്ലബിന്റെ ഡയറക്ടറായ ഫാബിയോ പറാറ്റികിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലത്തെ സിരി എ മത്സരത്തിന് ശേഷം സ്കൈ സ്പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയിടെയായി പരിശീലകൻ സാറിയെ ഈ സീസണിന് ശേഷം ഒഴിവാക്കുമെന്നും പകരം പോച്ചെട്ടിനോയെ പരിശീലകൻ ആക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ക്രിസ്റ്റ്യാനോയും ടീം വിടുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതും അദ്ദേഹം നിരസിച്ചു.

” ഞങ്ങളുടെ ലക്ഷ്യം എന്നത് സിരി എ നേടുക എന്നതാണ്. അതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധ നൽകും. മീഡിയകളിൽ പല സംസാരങ്ങളും ഉണ്ടാവും. പക്ഷെ ഒരു സംശയവുമില്ലാതെ ഞാൻ ഒരു കാര്യം ഉറപ്പ് തരാം. അടുത്ത സീസണിലും സാറി തന്നെ യുവന്റസ് പരിശീലകനായി തുടരും. ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസിൽ തന്നെ തുടരും. ലോകത്തിലെ ഏറ്റവും മികച്ച താരം എന്ന സ്ഥാനം അദ്ദേഹം ഇതുവരെ ആർക്കും വിട്ടുനൽകിയിട്ടില്ല. അദ്ദേഹം പരിശീലകരോടും ഡയറക്‌ടേഴ്‌സിനോടും സാധാരണ രീതിയിലാണ് പെരുമാറുന്നത്. മറ്റുള്ള താരങ്ങളെ പോലെയാണ് അദ്ദേഹം ടീമിനകത്ത്. അദ്ദേഹത്തിന്റെയും ദിബാലയുടെയും കരാർ പുതുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. ദിബാലയും ടീമിന് ഏറെ വേണ്ടപ്പെട്ട താരമാണ്. ടീമിന്റെ ഭാവി അദ്ദേഹത്തിന്റെ കൈകളിലാണ് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *