യുവന്റസ് ആക്രമണനിരയുടെ മൂർച്ച കൂട്ടാൻ അൽവാരോ മൊറാറ്റ തിരിച്ചെത്തി !

ഈ വരുന്ന സീസണിലേക്ക് ഒരു സ്‌ട്രൈക്കറെ യുവന്റസിന് ആവിശ്യമുണ്ടെന്ന് മുമ്പ് തന്നെ വ്യക്തമായതാണ്. റോമ താരം എഡിൻ സെക്കോ, ബാഴ്‌സ താരം ലൂയിസ് സുവാരസ്, ചെൽസി താരം ജിറൂദ്, അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ അൽവാരോ മൊറാറ്റ എന്നിവരെയായിരുന്നു ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിൽ സെക്കോയുമായി യുവന്റസ് കരാറിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും അക്കാര്യം ഔദ്യോഗികമായിട്ടില്ല. എന്നാൽ ഇപ്പോഴിതാ സ്പാനിഷ് സൂപ്പർ താരം അൽവാരോ മൊറാറ്റ യുവന്റസിലേക്ക് എത്തുകയാണ്. യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും താരം ട്യൂറിനിൽ എത്തുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കി കൊണ്ട് താരം ഉടനടി കരാറിൽ ഒപ്പുവെച്ചേക്കും. ലാലിഗ വമ്പൻമാരായ അത്‌ലെറ്റിക്കോ മാഡ്രിഡിൽ നിന്നാണ് താരം ലോണിൽ യുവന്റസിൽ എത്തുന്നത്. മുമ്പ് യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മൊറാറ്റ. മൊറാറ്റയുടെ വരവ് ആക്രമണത്തിന്റെ മൂർച്ച വർധിപ്പിക്കുമെന്നാണ് പിർലോ വിശ്വസിക്കുന്നത്.

ഒമ്പത് മില്യൺ യുറോക്കാണ് താരം യുവന്റസിൽ എത്തുന്നത്. ലോണിന് ശേഷം നാല്പത്തിയഞ്ച് മില്യൺ യുറോ നൽകി കൊണ്ട് താരത്തെ സ്വന്തമാക്കാനുള്ള അവസരവും ഓൾഡ് ലേഡീസിനുണ്ട്. 2014 മുതൽ 2016 വരെ യുവന്റസിന് വേണ്ടി കളിച്ച താരമാണ് മൊറാറ്റ. ഈ രണ്ട് സീസൺകളിലായി ആകെ 93 മത്സരങ്ങൾ യുവന്റസിനായി കളിച്ച താരം 27 ഗോളുകൾ നേടിയിട്ടുണ്ട്. തുടർന്ന് താരം റയൽ മാഡ്രിഡിലേക്കും അവിടുന്ന് ചെൽസിയിലേക്കും പോവുകയായിരുന്നു. തുടർന്നാണ് അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിരുന്നു. എന്നാൽ അവസാനനാളുകളിൽ താരത്തിന് സിമിയോണിക്ക് കീഴിൽ ഈ ഇരുപത്തിയേഴുകാരന് അവസരങ്ങൾ കുറവായിരുന്നു. തുടർന്നാണ് താരം ക്ലബ്‌ വിട്ട് യുവന്റസിൽ ചേരാൻ തീരുമാനിച്ചത്. അതേ സമയം താരത്തിന്റെ വരവോടെ സൂപ്പർ താരം ലൂയിസ് സുവാരസ് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്കാണ് എന്നുറപ്പാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *