യുവന്റസിന്റെ സൂപ്പർ താരങ്ങൾ കരാർ പുതുക്കി

യുവന്റസിന്റെ ഇതിഹാസതാരങ്ങളായ ജോർജിയോ ചില്ലിനിയും ജിയാൻ ലൂയിജി ബുഫണും യുവന്റസുമായുള്ള കരാർ പുതുക്കി. ഈ വർഷം കരാർ അവസാനിക്കാനിരിക്കെയാണ് ഇരുവരുടെയും കരാർ ഒരു വർഷത്തേക്ക് യുവന്റസ് നീട്ടിയത്. 2020/21 സീസണിൽ കൂടി യുവന്റസിൽ ഇരുവരുമുണ്ടാകും. യുവന്റസിന്റെ ഇതിഹാസങ്ങളായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. പ്രതിരോധനിര താരമായ ചില്ലിനിക്ക് മുപ്പത്തിയഞ്ചും ഗോൾകീപ്പറായ ബുഫണ് നാല്പത്തിരണ്ടുമാണ് പ്രായം. എന്നിരുന്നാലും ഇരുവരെയും കൈവിടാൻ യുവന്റസ് ഒരുക്കമായിരുന്നില്ല. ” പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത രണ്ട് താരങ്ങളാണ് ഇവർ. ഇരുവർക്കും ഈ ജേഴ്സിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. കളത്തിലോ ഡ്രസിങ് റൂമിലോ ആയിക്കോട്ടെ ഇവരാണ് യഥാർത്ഥ നായകൻമാർ. ബിയാൻകൊനെരി ഡിഎൻഎയാണ് ഇരുവർക്കുമുള്ളത് ” യുവന്റസ് പ്രസ്താവനയിൽ കുറിച്ചു.

2005-ലാണ് ചില്ലിനി യുവന്റസിൽ എത്തുന്നത്. ഇതുവരെ അഞ്ഞൂറിൽ പരം മത്സരങ്ങൾ ക്ലബിന് വേണ്ടി കളിച്ചു. ഈ സിരി എയിൽ മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാൻ താരത്തിന് സാധിച്ചിട്ടുള്ളൂ. ഓഗസ്റ്റിൽ മുട്ടിനേറ്റ പരിക്ക് മൂലം ഏറെ കാലമായി താരം കളത്തിന് പുറത്താണ്. അതേസമയം പത്തൊൻപതാം വയസ്സിലായിരുന്നു ബുഫൺ യുവന്റസിൽ എത്തിയത്. കഴിഞ്ഞ വർഷം പിഎസ്ജിയിൽ പോയത് ഒഴിച്ചാൽ ഇത് വരെയുള്ള കാലഘട്ടം മുഴുവനും അദ്ദേഹം യുവന്റസ് ജേഴ്‌സിയണിഞ്ഞു. ഈ സീസണിൽ പതിമൂന്നു മത്സരങ്ങളിൽ അദ്ദേഹം വലകാത്തു. പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് അദ്ദേഹം ഇപ്പോഴും കാഴ്ച്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *