മനം മയക്കുന്ന ഗോളുമായി ലൗറ്ററോ, നാപോളിയെ തകർത്തെറിഞ്ഞ് ഇന്റർമിലാൻ

ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസ് ഒരു വെടിച്ചില്ല് ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഇന്റർമിലാന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്റർമിലാൻ നാപോളിയെ കെട്ടുകെട്ടിച്ചത്. നാപോളിയുടെ കരുത്തുറ്റ പ്രതിരോധനിരക്കെതിരെ കിട്ടിയ അവസരങ്ങൾ മുതലെടുത്തു കൊണ്ട് ഇന്റർമിലാൻ ജയം പിടിച്ചു വാങ്ങുകയായിരുന്നു. അതേസമയം കളിയിൽ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് നാപോളിക്ക് തിരിച്ചടിയായത്. അർജന്റൈൻ സൂപ്പർ താരം ലൗറ്ററോയുടെ ഗോൾ മറ്റൊരു ക്ലബ് റെക്കോർഡിലാണ് ഇടം നേടിയത്.

ലുക്കാക്കു, സാഞ്ചസ് എന്നിവരെ മുൻനിർത്തിയാണ് ആദ്യഇലവൻ പുറത്തു വിട്ടത്. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ഡാനിലോ അംബ്രോസിയോ ഗോൾ കണ്ടെത്തി. ക്രിസ്റ്റ്യാനോ ബിറാഗിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതിയിൽ ഈ ഗോളിന്റെ ലീഡുമായി കളം വിട്ട ഇന്റർ അറുപതാം മിനുട്ടിൽ ലൗറ്ററോയെ കളത്തിലേക്കിറക്കി. 74-ആം മിനുട്ടിൽ താരത്തിന്റെ ഗോളും വന്നു. മൈതാനമധ്യത്തിൽ നിന്ന് ബറല്ലയുടെ പാസ്സ് സ്വീകരിച്ചു മുന്നേറിയ താരം ബോക്സിന് പുറത്തു നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ഈ സീസണിൽ ഇത് നാലാം തവണയാണ് ലൗറ്ററോ ബോക്സിന് പുറത്തു നിന്ന് ഗോൾ കണ്ടെത്തുന്നത്. ഇതിന് മുൻപ് ഒരു ഇന്റർ താരം ബോക്സിന് പുറത്തു നിന്ന് നാല് തവണ വലചലിപ്പിച്ചത് 2007-2009 സീസണിൽ ആയിരുന്നു. അന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച് ആറ് തവണയാണ് ഇത്തരത്തിലുള്ള ഗോൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *