ഗോളടിച്ചും പെനാൽറ്റി പാഴാക്കിയും സ്ലാട്ടൻ, എസി മിലാന് വിജയം !
സിരി എയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എസി മിലാന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ കാഗ്ലിയാരിയെ തോൽപ്പിച്ചത്. പെനാൽറ്റി പാഴാക്കിയെങ്കിലും ഒരു ഗോൾ നേടി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ജയത്തിൽ മുഖ്യപങ്ക് വഹിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റിൽ കാഗ്ലിയാരി താരത്തിന്റെ സെൽഫ് ഗോളാണ് മിലാന് ലീഡ് സമ്മാനിച്ചത്. 44-ആം മിനിറ്റിൽ ഇബ്രാഹിമോവിച് എടുത്ത പെനാൽറ്റി കാഗ്ലിയാരി കീപ്പർ കൈപിടിയിലൊതുക്കുകയായിരുന്നു. എന്നാൽ 55-ആം മിനിറ്റിൽ ഇബ്രാഹിമോവിച്ച് തന്നെ യുവന്റസിന് രണ്ടാം ഗോൾ നേടികൊടുത്തു. രണ്ട് മിനുട്ടിന് ശേഷം സാമുവൽ കാസ്റ്റില്ലെജോയും ഗോൾ കണ്ടെത്തിയതോടെ മിലാന്റെ ഗോൾപട്ടിക പൂർണമായി. ജയത്തോടെ 66 പോയിന്റുമായി ആറാം സ്ഥാനം നേടി കൊണ്ട് മിലാൻ ലീഗ് അവസാനിപ്പിച്ചു.
അതേസമയം മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ തകർപ്പൻ ജയം നേടി. അറ്റലാന്റയെയാണ് ഇന്റർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ആഷ്ലി യങ് ആണ് ഇന്ററിന്റെ ഹീറോ. ഒന്നാം മിനിറ്റിൽ തന്നെ താരത്തിന്റെ പാസിൽ നിന്ന് ആംബ്രോസിയോ ഗോൾ നേടി. ഇരുപതാം മിനിറ്റിൽ യങ് തന്നെ ഗോൾ നേടി കൊണ്ട് ഗോൾപട്ടിക പൂർത്തിയാക്കി. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനം നേടികൊണ്ട് ഇന്റർ മിലാൻ അവസാനിപ്പിച്ചു. ഒന്നാം സ്ഥാനക്കാരായ യുവന്റസുമായി ഒരു പോയിന്റിന്റെ അകലം മാത്രമേ ഒള്ളൂ. 38 മത്സരങ്ങളിൽ നിന്ന് ഇന്റർ 82 പോയിന്റ് നേടിയപ്പോൾ 83 പോയിന്റ് നേടികൊണ്ട് യുവന്റസ് രണ്ട് മത്സരങ്ങൾക്ക് മുൻപേ തന്നെ കിരീടമുറപ്പിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ കരുത്തരായ ലാസിയോയെ 3-1 എന്ന സ്കോറിന് തകർത്തു കൊണ്ട് നാപോളി കരുത്തു തെളിയിച്ചു. ഒൻപതാം മിനുട്ടിൽ നാപോളിയാണ് ഫാബിയാനിലൂടെ ലീഡ് നേടിയത്. എന്നാൽ 22-ആം മിനിറ്റിൽ ഇമ്മൊബിലെ സമനില നേടി കൊടുത്തു. 54-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഇൻസൈൻ വീണ്ടും ലീഡ് നേടിക്കൊടുത്തു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പൊളിറ്റാനോ ഗോൾ നേടിക്കൊണ്ട് നാപോളിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇതോടെ 78 പോയിന്റുമായി ലാസിയോ ലീഗിൽ നാലാം സ്ഥാനം നേടി. അതേസമയം 62 പോയിന്റോടെ നാപോളി ഏഴാം സ്ഥാനം നേടി.