കൗളിബാളിക്ക് വേണ്ടി വമ്പൻ തുക ഓഫർ ചെയ്ത് സിറ്റി, അതിലും കൂടുതൽ വേണമെന്ന് നാപോളി !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യങ്ങളിലൊന്ന് നാപോളിയുടെ സൂപ്പർ ഡിഫൻഡർ കൂലിദൂ കൗളിബാളിയാണ്. താരത്തിന് വേണ്ടി നിരവധി ശ്രമങ്ങൾ സിറ്റി നടത്തിയെങ്കിലും നാപോളി സ്വീകരിക്കുന്ന മട്ടില്ലായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം മാഞ്ചസ്റ്റർ സിറ്റി താരത്തിന് വേണ്ടി ഓഫർ ചെയ്തിരുന്നത് 65 മില്യൺ യുറോയായിരുന്നു. എന്നാൽ ഇത് നാപോളി ഉടനടി നിരസിച്ചിരുന്നു. എന്നാൽ പിടിവിടാൻ ഒരുക്കമല്ലാത്ത സിറ്റി കഴിഞ്ഞ ദിവസം എഴുപത് മില്യൺ യുറോ താരത്തിന് വേണ്ടി ഓഫർ ചെയ്തിരുന്നു. എന്നാൽ ഇതും നാപോളി നിരസിച്ചതയാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എഎസ്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരം സിറ്റിയുമായി പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചുവെങ്കിലും നാപോളി വിട്ടുനൽകാൻ ഒരുക്കമല്ല.

എൺപത് മില്യൺ യുറോ എങ്കിലും കുറഞ്ഞത് ഈ താരത്തിന് വേണ്ടി വേണം എന്നാണ് നാപോളി പ്രസിഡന്റ്‌ ഡി ലോറിന്റിസിന്റെ വാദം. അല്ലാത്ത പക്ഷെ ഈ സെനഗലീസ് ഡിഫൻഡറെ വിട്ടു തരുന്ന പ്രശ്നമില്ല എന്ന നിലപാടാണ് നാപോളി സ്വീകരിച്ചിരിക്കുന്നത്. പക്ഷെ ഇത്രയും തുക നൽകാൻ സിറ്റി നിലവിൽ ഒരുക്കമല്ല. അതിന് കാരണവുമുണ്ട്. എന്തെന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയെ ക്ലബ്‌ വിടാൻ ബാഴ്‌സ അനുവദിച്ചാൽ താരത്തിന് വേണ്ടി ഭീമമായ തുക ആവിശ്യമായി വരും. ചുരുങ്ങിയത് നൂറ് മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി നൽകേണ്ടി വരും. ചിലപ്പോൾ അത്‌ 150 മില്യൺ യുറോ വരെ ആകാം എന്നാണ് ഇവരുടെ കണക്കുക്കൂട്ടൽ. അതിനാൽ തന്നെ ഈ ഡിഫൻഡർക്ക് വേണ്ടി ഇത്രയധികം തുക മുടക്കേണ്ട എന്ന നിലപാടാണ് സിറ്റിക്കുള്ളത്. പക്ഷെ ശ്രമം ഉപേക്ഷിക്കാൻ സിറ്റി തയ്യാറല്ല. ക്ലബ്ബിന്റെ പ്രതിനിധികളുമായി ചർച്ചകൾ തുടരുന്നുണ്ട്. വിലപേശി കൊണ്ട് ഇത്തിഹാദിൽ എത്തിക്കാൻ തന്നെയാണ് സിറ്റിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *