ക്രിസ്റ്റ്യാനോ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു:അർജന്റൈൻ താരം സുലെ

ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന അർജന്റൈൻ യുവ പ്രതിഭയാണ് മറ്റിയാസ് സുലെ. നിലവിൽ അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബായ ഫ്രോസിനോണിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ യുവന്റസിൽ നിന്നാണ് അദ്ദേഹം ഈ ക്ലബ്ബിൽ എത്തിയിട്ടുള്ളത്. 10 ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സീസണിൽ ലീഗിൽ സ്വന്തമാക്കാൻ 20കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

യുവന്റസിലായിരുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ട്രെയിനിങ് നടത്താനുള്ള അവസരം ലഭിച്ച താരമാണ് സുലെ.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ഇദ്ദേഹം ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. വളരെയധികം ജീനിയസായ ഒരു താരമാണ് റൊണാൾഡോയെന്നും അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു എന്നുമാണ് സുലെ പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരു വ്യക്തി എന്ന നിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ലായിരുന്നു. പക്ഷേ അദ്ദേഹത്തെക്കുറിച്ച് കേട്ടു കേൾവി ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ജീനിയസാണ്.ഒരു ദിവസം ഭക്ഷണം കഴിക്കുന്ന സമയത്ത് അദ്ദേഹം എന്റെ അരികിലായിരുന്നു ഇരുന്നിരുന്നത്.എല്ലാവരും പോയി കഴിഞ്ഞിട്ടും അദ്ദേഹം എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. റയൽ മാഡ്രിഡിനെ കുറിച്ചും കാറുകളെ കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത് ” ഇതാണ് സുലെ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കളം പങ്കിടാനുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് സുലെ.നിലവിൽ റൊണാൾഡോ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.മികച്ച പ്രകടനമാണ് പതിവ് പോലെ അദ്ദേഹം നടത്തുന്നത്.സൗദിയിലെ ടോപ്പ് സ്കോറർ അദ്ദേഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!