ഈ സീസണിലെ സിരി എ പൂർത്തിയാവുമെന്ന് ഒരുറപ്പും പറയാനാവില്ലെന്ന് ഇറ്റാലിയൻ കായികമന്ത്രി !

ഈ സീസണിലെ സിരി എ പൂർത്തിയാക്കാനാവുമെന്ന് ഒരുറപ്പും പറയാനാവില്ലെന്ന് ഇറ്റാലിയൻ കായികമന്ത്രി വിൻസെൻസോ സ്പഡഫോറ. കഴിഞ്ഞ ദിവസം എൽ എ സെവന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. കോവിഡിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സിരി എ തീർച്ചയായിട്ടും പ്ലാൻ ബിയും പ്ലാൻ സിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. കഴിഞ്ഞ സീസണിൽ കോവിഡ് മൂലം സിരി എ പാതിവഴിയിൽ വെച്ച് നിർത്തിയിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു. തുടർന്ന് യുവന്റസ് ഇന്റർ മിലാനെ ഒരു പോയിന്റിന് പിന്തള്ളി കിരീടം നേടിയിരുന്നു. പക്ഷെ ഇപ്പോഴും കോവിഡ് ഭീഷണി സിരി എക്ക് നിലനിൽക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം അറിയിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുവന്റസിലെ രണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

” ഞങ്ങൾക്ക് സിരി എ പൂർത്തീകരിക്കാൻ കഴിയും. പക്ഷെ പൂർത്തിയാക്കുമെന്ന് ഒരുറപ്പും തരാൻ കഴിയില്ല. സിരി എ തീർച്ചയായും പ്ലാൻ ബിയും പ്ലാൻ സിയും കണ്ടെത്തേണ്ടതുണ്ട്. ഈ ദിവസങ്ങളിൽ പല ഭാഗങ്ങളിലും ഒട്ടേറെ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഞാൻ ഒരുപാട് തവണ പ്രോട്ടോകോളിനെ പറ്റി സംസാരിച്ചതാണ്. പക്ഷെ പലരും അത്‌ വകവെക്കുന്നില്ല. ക്ലബും താരങ്ങളും അതിനെ ബഹുമാനിക്കുന്നില്ലെങ്കിൽ, തീർച്ചയായും ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല ” സ്പഡഫോറ പറഞ്ഞു.കഴിഞ്ഞ ദിവസം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഇദ്ദേഹം ആഞ്ഞടിച്ചിരുന്നു. റൊണാൾഡോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഇദ്ദേഹം വിമർശനമുയർത്തിയത്. എന്നാൽ മന്ത്രി നുണയനാണ് എന്നാണ് റൊണാൾഡോ തിരിച്ചു പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *