അറ്റലാൻ്റ ഗോൾ വസന്തം തീർക്കുന്നു, ചിലർക്ക് നെഞ്ചിടിപ്പേറ്റുന്നു

ഇറ്റാലിയൻ സീരി Aയിൽ അറ്റലാൻ്റ ഗോൾ വർഷം നടത്തുകയാണ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അവർ 6 ഗോളുകളാണ് ബ്രെസിയയുടെ വലയിൽ നിക്ഷേപിച്ചത്. 6-2 എന്ന സ്കോറിന് അവർ വിജയിച്ചു കയറിയ മത്സരത്തിൽ മാരിയോ പസാലിച്ച് ഹാട്രിക്ക് നേടി. ഈ സീസണിൽ ഇതുവരെ സീരി Aയിലെ 33 മത്സരങ്ങളിൽ നിന്നും 93 ഗോളുകളാണ് അറ്റലാൻ്റ അടിച്ചുകൂട്ടിയിരിക്കുന്നത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മാത്രം ഒരു പിടി റെക്കോർഡുകളും അവർ കുറിച്ചു.

ഈ സീസണിൽ 4 വ്യത്യസ്ത സീരി A മത്സരങ്ങളിൽ അറ്റലാൻ്റ 6 ഗോളുകൾ നേടിയിട്ടുണ്ട്. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ മറ്റൊരു ടീമും 2019 /20 സീസണിൽ ഈ നേട്ടത്തിലെത്തിയിട്ടില്ല.

സീരി Aയിലെ കഴിഞ്ഞ 60 വർഷത്തെ കണക്കെടുത്താൽ 93 ഗോളുകൾ ഒരു സീസണിൽ നേടുന്ന രണ്ടാമത്തെ ടീമണ് അറ്റലാൻ്റ. 2014/17 സീസണിൽ 94 ഗോളുകൾ നേടിയിട്ടുള്ള നാപ്പോളിയാണ് അവർക്ക് മുന്നിലുള്ളത്. ഈ സീസണിൽ അറ്റലാൻ്റക്ക് ഇനിയും 5 മത്സരങ്ങൾ ബാക്കിയുള്ളതിനാൽ സീരി Aയിലെ അറുപത് വർഷത്തെ ഗോൾസ്കോറിംഗ് റെക്കോർഡ് അവർ തിരുത്തിക്കുറിക്കും എന്നുറപ്പാണ്.

ഇറ്റാലിയൻ സീരി Aയുടെ ചരിത്രത്തിൽ 33 മാച്ച് ഡേകൾ പൂർത്തിയായപ്പോൾ 93 ഗോളുകൾ സ്കോർ ചെയ്യുന്ന മൂന്നാമത്തെ ടീമാണ് അറ്റലാൻ്റ. നേരത്തെ 1947/48 സീസണിൽ ടോറിനോയും (105 ഗോളുകൾ) 1949/50, 1950/51 സീസണുകളിൽ AC മിലാനും (യഥാക്രമം 103, 101 ഗോളുകൾ) ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്.

അറ്റലാൻ്റയുടെ ഡിഫൻ്റർ റോബിൻ ഗോസെൻസ് ഈ സീസണിൽ ഇതുവരെ 17 സീരി A ഗോളുകളിൽ പങ്കാളിത്തം വഹിച്ചു കഴിഞ്ഞു (9 ഗോളുകൾ + 8 അസിസ്റ്റ്)! യൂറോപ്പിലെ ടോപ് 5 ലീഗുകളുടെ കണക്കെടുത്താൽ 2019/20 സീസണിൽ ഇത്രയധികം ഗോളുകളിൽ പങ്കാളിത്തമുള്ള മറ്റൊരു ഡിഫൻ്ററില്ല! 15 ഗോളുകളിൽ പങ്കാളിത്തമുള്ള ലിവർപൂളിൻ്റെ ട്രെൻ്റ് അലക്സാണ്ടർ അർനോൾഡാണ് രണ്ടാമത്.

Leave a Reply

Your email address will not be published. Required fields are marked *