ബോബിയുടെ ഗോളും ചില റെക്കോർഡുകളും

ഒടുവിൽ റോബർട്ടോ ഫിർമിനോ ആൻഫീൽഡിൽ വെച്ച് ഒരു പ്രീമിയർ ലീഗ് ഗോൾ നേടിയിരിക്കുന്നു. ഇന്നലെ ചെൽസിക്കെതിരെ നടന്ന മത്സരത്തിൽ അമ്പത്തിയഞ്ചാം മിനുട്ടിൽ ഹെഡ്ഡറിലൂടെയാണ് ബോബി ഗോൾ നേടിയത്. 2019 മാർച്ചിന് ശേഷം ആദ്യമായാണ് ഫിർമിനോ ആൻഫീൽഡിൽ വെച്ച് ഒരു പ്രീമിയർലീഗ് മത്സരത്തിൽ സ്കോർ ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു വർഷവും 4 മാസവും കഴിഞ്ഞതിന് ശേഷം! 2019 മാർച്ചിൽ ടോട്ടൻഹാമിനെതിരെ ആൻഫീൽഡിൽ വെച്ച് ഫിർമിനോ ഗോളടിച്ച ശേഷം 479 ദിവസങ്ങൾ കടന്ന് പോയി, ഇരുപത് PL മത്സരങ്ങളിലായി 1591 മിനുട്ടകൾ അദ്ദേഹം ആൻഫീൽഡിലെ മൈതാനത്തിറങ്ങി, ഒടുവിൽ 56 ഷോട്ടുകൾക്ക് ശേഷം അദ്ദേഹം ഒരു പ്രീമിയർ ലീഗ് ഹോം മത്സരത്തിൽ ഗോളടിച്ചിരിക്കുന്നു!

ബോബിയുടെ ഗോൾ കൂടാതെ ലിവർപൂൾ – ചെൽസി മത്സരത്തിൽ പിറന്ന റെക്കോർഡുകളും പ്രധാനപ്പെട്ട കണക്കുകളും താഴെ ചേർക്കുന്നു:

  • ഈ മത്സരം വിജയിച്ചതോടെ ലിവർപൂൾ തുടർച്ചായായ മൂന്നാം പ്രീമിയർ ലീഗ് സീസണും ഹോം മത്സരങ്ങളിൽ തോൽവി അറിയാതെ അവസാനിപ്പിച്ചു. ഇത് ക്ലബ്ബിൻ്റെ ചരിത്രത്തിൽ ആദ്യമാണ്!
  • ഈ മത്സരത്തിൽ അസിസ്റ്റുകൾ നൽകിയതോടെ പ്രീമയർ ലീഗിൽ ഏറ്റവും അധികം അസിസ്റ്റുകൾ നൽകുന്ന ലിവർപൂൾ ഡിഫൻ്റർമാരുടെ നിരയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ആൻഡി റോബർട്സണും (27 അസിസ്റ്റ്) ട്രെൻ്റ് അലക്സാണ്ടർ അർണോൾഡും (26 അസിസ്റ്റ് ) എത്തി.
  • ഈ മത്സരത്തിൽ ഗോളടിച്ചതോടെ ചെൽസിയുടെ ക്രിസ്ത്യൻ പുലിസിച്ച് പ്രീമിയർ ലീഗിൽ 9 ഗോളുകൾ നേടിക്കഴിഞ്ഞു. ഒരു സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും അധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ അമേരിക്കൻ താരമായിരിക്കുകയാണദ്ദേഹം. 2010 – 11 സീസണിൽ 12 ഗോളുകളും 2011-12 സീസണിൽ 17 ഗോളുകളും നേടിയിട്ടുള്ള ക്ലിൻ്റ് ഡെംപ്സിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
  • റോബർട്ടോ ഫിർമിനോയുടെ ഗോളിന് അസിസ്റ്റ് നൽകിയതോടെ ഈ പ്രീമിയർ ലീഗ് സീസണിൽ 13 അസിസ്റ്റുകൾ തികച്ചിരിക്കുകയാണ് അലക്സാണ്ടർ അർനോൾഡ്. പ്രീമിയർ ലീഗിലെ ഒരു സീസണിൽ ഒരു ഡിഫൻ്റർ കുറിക്കുന്ന ഏറ്റവും ഉയർന്ന അസിസ്റ്റാണിത്. 2018-19 സീസണിൽ 12 അസിസ്റ്റുകൾ കുറിച്ചിരുന്ന അർനോൾഡ് സ്വന്തം റെക്കോർഡ് തന്നെയാണ് തിരുത്തിയത്.
  • ഈ മത്സരത്തിൽ ഫ്രീ കിക്ക് ഗോളാക്കി മാറ്റിയതോടെ അലക്സാണ്ടർ അർനോൾഡ് പ്രീമിയർ ലീഗിൽ 3 ഡയറക്ട് ഫ്രീ കിക്ക് ഗോളുകൾ നേടിക്കഴിഞ്ഞു. 21 വയസ്സിനിടക്ക് പ്രീമിയർ ലീഗിൽ അദ്ദേഹത്തേക്കാൾ കൂടുതൽ ഫ്രീ കിക്കുകൾ ഗോളാക്കിയിട്ടുള്ളത് ജെയ്മി റെഡ്നാപ്പ് മാത്രമാണ്. റെഡ്നാപ്പ് 4 ഡയറക്ട് ഫ്രീ കിക്കുകൾ ഗോളാക്കിയിരുന്നു.
  • ഈ മത്സരത്തിൽ നബി കെയ്റ്റ ആൻഫീൽഡിലെ തൻ്റെ രണ്ടാമത്തെ PL ഗോളാണ് നേടിയത്. ആദ്യ ഗോൾ 2019 ഏപ്രിൽ മാസത്തിൽ ഹഡേഴ്സ്ഫീൽഡിനെതിരെയായിരുന്നു. 453 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഗോൾ നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!