നവാസ് ക്ലബ്ബ് വിടും,പിഎസ്ജിയെ വേണ്ട,4 പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത്!

ഈ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടി കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവരുടെ ഗോൾകീപ്പരായ കെയ്‌ലർ നവാസിനെ കളിക്കാൻ സാധിച്ചിട്ടുള്ളത്. പരിശീലകനായ ഗാള്‍ടിയര്‍ ഡോണ്ണാരുമയെ ഫസ്റ്റ് ഗോൾ കീപ്പറായി കൊണ്ട് തിരഞ്ഞെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നവാസ് പിഎസ്ജി വിട്ടിരുന്നു. ലോൺ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റാണ് താരത്തെ സ്വന്തമാക്കിയിരുന്നത്.

ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ നവാസിന് സാധിച്ചിട്ടുണ്ട്. 17 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നവാസ് നോട്ടിങ്ഹാമിന് വേണ്ടി പങ്കെടുത്തു. പക്ഷേ അദ്ദേഹത്തിന്റെ ലോൺ കാലാവധി അവസാനിക്കാനിരിക്കുകയാണ്. താരത്തിന്റെ ഉയർന്ന സാലറി മൂലം കരാർ പുതുക്കാൻ ഇപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ഈ ഗോൾകീപ്പർക്ക് പിഎസ്ജിയിലേക്ക് തന്നെ മടങ്ങേണ്ടിവരും.

എന്നാൽ പാരീസിലേക്ക് മടങ്ങി പോകാൻ നവാസിന് ഒട്ടും താല്പര്യം ഇല്ല.കാരണം അവിടെ അവസരങ്ങൾ അദ്ദേഹത്തിന് കുറവായിരിക്കും.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇനിയും കുറച്ചുകാലം പ്രീമിയർ ലീഗിൽ മികച്ച രൂപത്തിൽ കളിക്കാൻ കഴിയും എന്നാണ് 36 കാരനായ താരം ഇപ്പോൾ ഉറച്ചു വിശ്വസിക്കുന്നത്. താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് 4 പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് ഫൂട്ട്മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ചെൽസി,ബ്രന്റ്ഫോർഡ്,ടോട്ടൻഹാം,ലെസ്റ്റർ സിറ്റി എന്നിവർ പുതിയ ഗോൾകീപ്പർമാർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതുകൊണ്ടുതന്നെ ഈ നാല് ടീമുകളും ഇപ്പോൾ ഈ കോസ്റ്റാറിക്കൻ ഗോൾ കീപ്പറെ പരിഗണിക്കുന്നുണ്ട്.പക്ഷേ ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. ഏതായാലും ഈ സീസൺ അവസാനിച്ചതിനുശേഷമായിരിക്കും നവാസിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ക്ലബ്ബ് എടുക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരാൻ സാധിക്കും എന്നാണ് ഇപ്പോൾ ഈ ഗോൾ കീപ്പർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *