കിരീടത്തിൽ കണ്ണുവെച്ച് ചെമ്പടയും പീരങ്കിപ്പടയും, സാധ്യത ലൈനപ്പ് ഇങ്ങനെ !
അങ്ങനെ ഒരു ഫൈനൽ ആവേശം കൂടി ഇന്ന് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുകയാണ്. രണ്ട് വമ്പൻ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ഒരു മികച്ച ഫൈനൽ തന്നെയാവും ഇന്ന് കാണാനാവുക എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ഇംഗ്ലണ്ടിൽ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ ആണ് ഒരു തവണ കൂടി ഫൈനൽ ആവേശം ഫുട്ബോൾ ലോകത്തേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. യുർഗൻ ക്ലോപ് തന്ത്രങ്ങളോതുന്ന ലിവർപൂളും ആർട്ടെറ്റയിൽ നിന്ന് അടവ് പഠിച്ചെത്തുന്ന ആഴ്സണലുമാണ് കമ്മ്യൂണിറ്റി ഷീൽഡിന് വേണ്ടി പോരടിക്കുക. ഇന്ന് ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം. പ്രീമിയർ ലീഗ് ജേതാക്കളായി കൊണ്ടാണ് ലിവർപൂൾ ഫൈനലിന് യോഗ്യത നേടിയതെങ്കിൽ എഫ്എ കപ്പ് ഷെൽഫിൽ എത്തിച്ചു കൊണ്ടാണ് ആഴ്സണൽ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
Today's Community Shield:
— Football Tweet (@Football__Tweet) August 29, 2020
⏰ 4.30pm:
Arsenal vs. Liverpool pic.twitter.com/t8EARflPSK
എഫ്എ കപ്പ് ഫൈനലിൽ ചെൽസിയെ കീഴടക്കി കൊണ്ട് മുത്തമിട്ട ആഴ്സണൽ സമീപകാലത്ത് മികച്ച ഫോമിലാണ്. അവസാനമായി ഗണ്ണേഴ്സ് കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും വെന്നിക്കൊടി നാട്ടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ തന്നെ കരുത്തരായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ഇന്ന് നേരിടാൻ പോവുന്ന ലിവർപൂൾ എന്നിവരെല്ലാം തന്നെ ഗണ്ണേഴ്സിനോട് തോൽവി രുചിച്ചു. അതിനാൽ തന്നെ ലിവർപൂളിന്റെ താരനിര പീരങ്കിപ്പടയെ വിലകുറച്ചു കാണില്ല. മറുഭാഗത്ത് ചെറിയ ചെറിയ ആശങ്കകൾ ക്ലോപിനുണ്ട്. എന്തെന്നാൽ സീസണിന്റെ തുടക്കത്തിൽ പുറത്തെടുത്ത മികവ് ലിവർപൂളിന് അവസാനത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിയോട് നാലെണ്ണത്തിന് തോറ്റതും ആഴ്സണലിനോട് തോറ്റതുമൊക്കെ തന്നെ ലിവർപൂളിന് ഒരല്പം ആശങ്ക നൽകുന്നതാണ്. എന്നിരുന്നാലും സൂപ്പർ താരങ്ങൾ അടങ്ങുന്ന ലിവർപൂൾ നിര ഫോം കണ്ടെത്തിയാൽ ആഴ്സണൽ പാടുപെടുമെന്ന കാര്യത്തിൽ സംശയമില്ല.
ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് താഴെ നൽകുന്നു.