5 മില്യൺ പൗണ്ട് വളരെ കൂടുതലാണ്,2018-ൽ ഹാലന്റിനെ നിരസിച്ച പ്രീമിയർ ലീഗ് ക്ലബ്ബിന്റെ കഥ പറഞ്ഞ് ആൻഡേഴ്സൺ!

ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സൂപ്പർ താരം എർലിംഗ് ഹാലന്റ് ഇപ്പോൾ പുറത്തെടുക്കുന്നത്. 17 ഗോളുകൾ ഇതിനോടകം തന്നെ അദ്ദേഹം ഈ സീസണിൽ നേടി കഴിഞ്ഞു.14 ഗോളുകളാണ് പ്രീമിയർ ലീഗിൽ ഹാലന്റിന്റെ സമ്പാദ്യം.ബാക്കിയുള്ള താരങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് ഹാലന്റ് മുന്നോട്ട് കുതിക്കുന്നത്.

ഈയൊരു അവസരത്തിൽ ലിവർപൂൾ നഗരത്തിന്റെ മുൻ മേയറും എവെർടൺ ആരാധകനുമായ ജോ ആൻഡേഴ്സൺ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അതായത് ഹാലന്റിനെ 5 മില്യൺ പൗണ്ടിന് സൈൻ ചെയ്യാനുള്ള അവസരം പ്രീമിയർ ലീഗ് ക്ലബ്ബായ എവെർടണ് ഉണ്ടായിരുന്നുവെന്നും എന്നാൽ വില കൂടുതലാണ് എന്ന് പറഞ്ഞുകൊണ്ട് അവർ നിരസിക്കുകയാണ് ചെയ്തത് എന്നുമാണ് തുറന്നു പറഞ്ഞിട്ടുള്ളത്. അന്ന് നോർവീജിയൻ ക്ലബായ മോൾഡേക്ക് വേണ്ടി ഹാലന്റ് കളിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഇതേക്കുറിച്ച് ആൻഡേഴ്സൺ പറയുന്നത് ഇങ്ങനെയാണ്.

” 2018-ൽ എവെർടൺ ക്ലബ്ബ് അധികൃതരുമായി ഞാൻ ഒരു ചർച്ച നടത്തിയിരുന്നു. അന്ന് മോൾഡേക്ക് വേണ്ടി കളിക്കുന്ന 18 വയസ്സ് മാത്രം പ്രായമുള്ള ഒരു നോർവീജിയൻ താരത്തിന്റെ വീഡിയോ ഞങ്ങൾ കണ്ടിരുന്നു.ഞാൻ അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കാൻ അവരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് ഏഴു മില്യൻ പൗണ്ട് താരത്തിന് വേണ്ടി ക്ലബ്ബ് ആവശ്യപ്പെടുന്നു എന്നുള്ളതാണ്. പക്ഷേ 5 മില്യൺ പൗണ്ടിന് അദ്ദേഹത്തെ ഗൂഡിസൺ പാർക്കിലേക്ക് എത്തിക്കാൻ കഴിയുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.പക്ഷേ താരത്തെ സൈൻ ചെയ്യാൻ അവർ തയ്യാറായില്ല. എന്തെന്നാൽ ഒരു യുവ താരത്തിന് 5 മില്യൺ പൗണ്ട് വളരെ ഉയർന്ന വിലയാണ് എന്നാണ് അവർ പറഞ്ഞത്. അങ്ങനെ അവർ ഹാലന്റിനെ നഷ്ടപ്പെടുത്തി കളയുകയായിരുന്നു ” ജോ ആൻഡേഴ്സൺ പറഞ്ഞു.

എവെർടൺ പിന്മാറിയതോടു കൂടി ഹാലന്റിനെ ഓസ്ട്രിയൻ ക്ലബ്ബായ RB സാൽസ്ബർഗാണ് സൈൻ ചെയ്തത്.2019-ൽ ഹാലന്റിന് വേണ്ടി ഇവർ 7.2 മില്യൺ പൗണ്ടാണ് ചിലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *