ഹാവെർട്സിനേയും ക്ലബ്ബിൽ എത്തിച്ചു, ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയുടെ സംഹാരതാണ്ഡവം!

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം കുറിച്ച് കൊണ്ട് കായ് ഹാവെർട്സ് ചെൽസിയിൽ എത്തി. ജർമ്മൻ ക്ലബായ ബയേർ ലെവർകൂസന്റെ ഈ യുവപ്രതിഭയെ തങ്ങൾ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിച്ചതായി ചെൽസി തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 72 മില്യൺ പൗണ്ട് + ആഡ് ഓൺസ് എന്നീ തുകക്കാണ് ചെൽസി ഹാവെർട്സിനെ തട്ടകത്തിൽ എത്തിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ഇന്നലെ ജർമ്മൻ ക്യാമ്പ് വിട്ട താരം ചെൽസിയിൽ എത്തുകയും മെഡിക്കൽ പൂർത്തിയാക്കുകയും തുടർന്ന് കരാറിൽ സൈൻ ചെയ്യുകയുമായിരുന്നു. കുറച്ചു മുമ്പായിരുന്നു ആർബി ലീപ്സിഗിന്റെ സൂപ്പർ താരം ടിമോ വെർണറെ ചെൽസി ടീമിൽ എത്തിച്ചത്. ജർമ്മനിയെ സഹതാരങ്ങളായ ഇരുവരുടെയും കൂട്ടുകെട്ട് മികച്ചതാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, റയൽ മാഡ്രിഡ്‌ എന്നിവരൊക്കെ മുമ്പ് ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയപ്പോൾ ഈ അറ്റാക്കിങ് മിഡ്ഫീൽഡർക്ക് വേണ്ടി ചെൽസി മുന്നിലെത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ 45 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ താരം അടിച്ചിട്ടുണ്ട്. ബയേർ ലെവർകൂസന് വേണ്ടി ലീഗിൽ അരങ്ങേറിയ പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് താരത്തിന്റെ പേരിലായിരുന്നു. ഗോളുകൾ കണ്ടെത്താനും അസിസ്റ്റുകൾ നൽകാനും മിടുക്കനാണ് താരം. ഇതോടെ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയുടെ സംഹാരതാണ്ടവത്തിനാണ് മറ്റുള്ള ക്ലബുകൾ സാക്ഷ്യം വഹിക്കുന്നത്. 200 മില്യൺ പൗണ്ടിന് മുകളിലാണ് ലമ്പാർഡും കൂട്ടരും ഇതുവരെ ചിലവഴിച്ചത്. ഹാക്കിം സിയെച്ച്, ടിമോ വെർണർ, തിയാഗോ സിൽവ, ബെൻ ചിൽവെൽ, മലങ് സർ എന്നിവരോടൊപ്പം തന്നെയാണ് ഹാവെർട്സിനെ കൂടി ചെൽസി സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *