സ്കലോനി അർജൻ്റീനയെ വിജയികളുടെ സംഘമാക്കി : ലോ സെൽസോ
അർജൻ്റയിൻ ദേശീയ ടീമിനെ പരിശീലകൻ ലയണൽ സ്കലോനിയും കൂടെയുള്ളവരും കരുത്തുറ്റ സംഘമാക്കിയെന്ന് ജിയോവാനി ലോ സെൽസോ. ടോട്ടൻഹാം ഹോട്സ്പറിൻ്റെ താരമായ ലോ സെൽസോ TYC സ്പോർട്സിനോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വരുന്ന കോപ്പ അമേരിക്കയിൽ അർജൻ്റീന മികച്ച പ്രകടനം നടത്തുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച താരം, സ്കലോനിയുടെ കോച്ചിംഗ് സംഘത്തിലെ ഐമർ, അയാള, സാമുവെൽ എന്നിവർ ടീമിന് ഗുണപരമായ മൂല്ല്യങ്ങൾ പകർന്ന് നൽകിയെന്നും കൂട്ടിച്ചേർത്തു.
Argentina and Tottenham Hotspur midfielder Giovani Lo Celso spoke about the current Argentina national team and not playing at the last World Cup despite being selected in the squad. https://t.co/yRkROl8kiV
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 25, 2020
ലോ സെൽസോയുടെ വാക്കുകൾ TYC സ്പോർട്സിനെ ഉദ്ദരിച്ച് മുണ്ടൊ അൽബിസെലെസ്റ്റെ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: “വരാനിരിക്കുന്ന കോപ അമേരിക്ക ഞങ്ങളുടേതായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നില്ല, പക്ഷേ കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ടൂർണ്ണമെൻ്റിലേത് പോലെ തന്നെയാവും ഞങ്ങളതിനെ നേരിടുക. ഒരു കോമ്പിറ്റിറ്റീവ് ടീം എന്ന നിലയിൽ ഞങ്ങൾ കിരീടം ചൂടാൻ തന്നെയാവും ശ്രമിക്കുക. മികച്ച ഒരു ടീം ഉണ്ടാക്കി, ഫുട്ബോൾ ലെവെലിൽ പറഞ്ഞാൽ മികച്ച ഒരു ആശയമാണ് ഞങ്ങൾ കഴിഞ്ഞ കോപ്പയിൽ അവതരിപ്പിച്ചത്. ഇനിയും ഞങ്ങൾക്ക് ഏറെ ദൂരം പോകാനുണ്ട്. പ്രധാനമാറ്റം കോച്ചിംഗ് സ്റ്റാഫിൻ്റെ കാര്യത്തിൽ സംഭവിച്ചതാണ്. ഐമർ, അയാള, സാമുവെൽ തുടങ്ങി അർജൻ്റീന ടീമിനെ നന്നായി അറിയാവുന്നവരേയും കൊണ്ടാണ് സ്കലോനി വന്നത്. അർജൻ്റീനയുടെ ദേശീയ ടീമിനോട് എപ്പോഴും ബന്ധമുള്ളവരും കളിക്കാർ എന്ന നിലയിൽ ഏറെ പരിചയ സമ്പന്നരുമാണവർ. അവരുടെ ആശയങ്ങളും അത് നല്ല രീതിയിൽ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കാൻ കെൽപ്പുള്ള കളിക്കാരും ചേരുമ്പോൾ ഏറെ വിജയങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്”.