സലാ ആവിശ്യപ്പെട്ടു, ഹാലണ്ടിനെ റാഞ്ചാൻ ലിവർപൂളും!
ലിവർപൂളിന് വേണ്ടി നിലവിൽ മിന്നും ഫോമിലാണ് സൂപ്പർ താരം മുഹമ്മദ് സലാ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ആകെ 24 മത്സരങ്ങൾ കളിച്ച സലാ 22 ഗോളുകൾ ലിവർപൂളിനായി നേടിയിട്ടുണ്ട്.അത്കൊണ്ട് തന്നെ താരത്തിന്റെ പുതുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ലിവർപൂളുള്ളത്.2023-ലാണ് സലായുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.
എന്നാൽ പുതിയ കരാറിൽ ഒപ്പുവെക്കുതിനു മുന്നേ സലാക്ക് ചില നിബന്ധനകളുണ്ട്.അതിലൊന്ന് ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി കൂടുതൽ സൈനിങ്ങുകൾ വേണമെന്നാണ്.പ്രത്യേകിച്ച് ഒരു മികച്ച സ്‌ട്രൈക്കറെയാണ് സലാക്ക് ആവശ്യം. ഇക്കാര്യം ലിവർപൂൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ബൊറൂസിയയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിനെ സ്വന്തമാക്കാൻ ഇനി ലിവർപൂളും രംഗത്തുണ്ടാവും. സ്കൈ ജർമ്മനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Mohamed Salah 'has demanded Liverpool sign another striker during negotiations over a new long-term deal' https://t.co/Z7xZIp7igv
— MailOnline Sport (@MailSport) December 23, 2021
മുമ്പ് തന്നെ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഹാലണ്ടിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ” വലിയ ക്ലബുകളുടെ നോട്ടപ്പുള്ളിയാവാൻ ഹാലണ്ടിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.തീർച്ചയായും ഡോർട്മുണ്ട് അതിനെ അഭിമുഖീകരിക്കേണ്ടിവരും.എന്റെ കയ്യിൽ ഹാലണ്ടിന്റെ ഫോൺ നമ്പറൊന്നുമില്ല.അദ്ദേഹം വളരെ മികച്ച ഒരു താരമാണ്.അദ്ദേഹത്തിന്റെ എനർജി എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഒട്ടേറെ ടീമുകൾ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടാവും ” ഇതായിരുന്നു അന്ന് ക്ലോപ് പറഞ്ഞിരുന്നത്.
വരുന്ന സമ്മറിൽ ഹാലണ്ട് ബൊറൂസിയ വിടുമെന്നുള്ള സൂചനകൾ അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള നൽകിയിരുന്നു. ഹാലണ്ടിനെ സ്വന്തമാക്കുക എന്നുള്ളത് ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും എളുപ്പമുള്ള കാര്യമായിരിക്കില്ല.എന്തെന്നാൽ റയൽ, ബാഴ്‌സ, മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ് എന്നിവരൊക്കെ താരത്തിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബുകളാണ്.