സലായെ പുറത്തിരുത്തിയത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് അഗ്ബൻലഹോർ,ക്ലോപിന്റെ ദേഷ്യത്തിന് കാരണം കണ്ടെത്തി കാരഗർ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെസ്റ്റ്‌ ഹാം യുണൈറ്റഡായിരുന്നു അവരെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു.ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ സൂപ്പർ താരം മുഹമ്മദ് സലാക്ക് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 79ആം മിനിട്ടിലാണ് അദ്ദേഹം കളിക്കളത്തിലേക്ക് എത്തിയത്. പകരക്കാരനായി ഇറങ്ങുന്ന സമയത്ത് ലിവർപൂൾ പരിശീലകനായ ക്ലോപുമായി സലാ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.ക്ലോപിനോട് വളരെയധികം ദേഷ്യപ്പെട്ടു കൊണ്ടായിരുന്നു സലാ സംസാരിച്ചിരുന്നത്.

ഇതോടുകൂടി ലിവർപൂളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് പലർക്കും ആശ്ചര്യം ജനിപ്പിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. അതിനുള്ള ഒരു വിശദീകരണം ഇംഗ്ലീഷ് താരമായിരുന്ന ഗാബി അഗ്ബൻലഹോർ നൽകിയിട്ടുണ്ട്.സലായെ പുറത്തിരുത്തിയതാണ് ഇതിനൊക്കെ കാരണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗാബിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“സലാ ഒരിക്കലും ഒരു സബ് അല്ല.വെസ്റ്റ്‌ഹാമിനെതിരെയുള്ള മത്സരം എപ്പോഴും കഠിനമായിരിക്കും. ഇത്തരത്തിലുള്ള ഒരു മത്സരത്തിൽ ഈ താരത്തിന് 12 മിനിറ്റ് അല്ല നൽകേണ്ടത്.സലാ ഇല്ലായിരുന്നുവെങ്കിൽ ലിവർപൂളിന് ഒരു കിരീടം പോലും ലഭിക്കുമായിരുന്നില്ല. ലിവർപൂൾ എന്ന ക്ലബ്ബിനുവേണ്ടി അവിശ്വസനീയമായ പ്രകടനം നടത്തിയ താരമാണ് സലാ. എവിടെപ്പോയി അദ്ദേഹത്തോടുള്ള റെസ്പക്റ്റ്? ഇതാണ് ഗാബി പറഞ്ഞിട്ടുള്ളത്.

ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ ക്ലോപ് ദേഷ്യപ്പെടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടുണ്ട്. പകരക്കാരനായി ഇറങ്ങുന്നത് സലാ മനപ്പൂർവ്വം വൈകിപ്പിച്ചതാണ് ക്ലോപിനെ ദേഷ്യം പിടിപ്പിച്ചത് എന്നാണ് കാരഗർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ടച്ച് ലൈനിൽ വെച്ച് സലായുടെ കാര്യത്തിൽ പരിശീലകൻ അസന്തുഷ്ടനായതിന്റെ ഏക കാരണം സലാ പകരക്കാരനായി ഇറങ്ങുന്ന പ്രക്രിയ വളരെയധികം വൈകിപ്പിച്ചത് തന്നെയാണ് ” ഇതാണ് കാരഗർ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ഇതിൽ നിന്നും നമുക്ക് മനസ്സിലാവുന്നത്, തന്നെ ബെഞ്ചിൽ ഇരുത്തിയത് സലാ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പകരക്കാരനായി ഇറങ്ങുന്നത് വൈകിപ്പിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത ക്ലോപ് താരത്തോട് പ്രതികരിക്കുകയും തുടർന്ന് രണ്ടുപേരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.ഇതാണ് ഇരുവർക്കുമിടയിൽ സംഭവിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!