വിജയിക്കാൻ ശ്രമിച്ചത് ലിവർപൂൾ മാത്രമെന്ന് വാൻ ഡൈക്ക്,30 വർഷത്തിനിടെ ഒരു കിരീടം ഉള്ളൂ എന്നത് മറക്കേണ്ടെന്ന് കീൻ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും സമനിലയിൽ പിരിഞ്ഞിരുന്നു.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ലിവർപൂൾ തന്നെയായിരുന്നു.എന്നാൽ യുണൈറ്റഡ് ഡിഫൻസിനെ മറികടക്കാൻ അവർക്ക് സാധിച്ചില്ല.

ലിവർപൂളിന്റെ സൂപ്പർതാരമായ വാൻ ഡൈക്ക് ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരത്തിൽ ഒരു ടീം മാത്രമാണ് വിജയിക്കാൻ ശ്രമിച്ചത്. നിർഭാഗ്യവശാൽ ആ ടീമായ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചില്ല. എല്ലാ നിലയിലും അവരെക്കാൾ മുകളിൽ ഞങ്ങളായിരുന്നു. അവർ കരുതിയത് കൗണ്ടർ അറ്റാക്കിലൂടെ ഞങ്ങളെ ഹാർട്ട് ചെയ്യാം എന്നായിരുന്നു. ഇപ്പോൾ ഒരു പോയിന്റ് നേടി കൊണ്ട് അവർ ആഘോഷിക്കുകയാണ് ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.

എന്നാൽ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ ഇതിന് കനത്ത മറുപടി നൽകിയിട്ടുണ്ട്. 30 വർഷത്തിനിടെ ഒരു പ്രീമിയർ ലീഗ് കിരീടം മാത്രം നേടിയിട്ടുള്ള ടീമാണ് നിങ്ങൾ എന്ന കാര്യം മറക്കരുത് എന്നാണ് ഇദ്ദേഹം വാൻ ഡൈക്കിനെ ഓർമ്മിപ്പിച്ചിട്ടുള്ളത്.കീനിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“നല്ല ഒന്നാന്തരം അഹങ്കാരമാണ് അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ്നെ പോലെയുള്ള ഒരു ടീമിനെയാണ് അദ്ദേഹം പരിഹസിക്കുന്നത്.കഴിഞ്ഞ 30 വർഷത്തിനിടെ ഒരു കിരീടം നേടിയ ടീമിലാണ് അദ്ദേഹം കളിക്കുന്നത് എന്ന കാര്യം അദ്ദേഹം ഓർമിക്കണം. തീർച്ചയായും ആൻഫീൽഡിൽ അവരെ തളക്കാൻ കഴിഞ്ഞു എന്നത് വലിയ കാര്യം തന്നെയാണ്.അവർക്ക് കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് അവരുടെ പിഴവാണ് “ഇതാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും സമനില വഴങ്ങിയതോടുകൂടി ഒന്നാം സ്ഥാനത്ത് തുടരാനുള്ള അവസരമാണ് ലിവർപൂളിന് നഷ്ടമായത്. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻമാരായ ആർസണൽ ആണ് ലിവർപൂളിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *