വരാനെ യുണൈറ്റഡിലേക്ക് തന്നെ, സ്ഥിരീകരിച്ച് ഗോൾ!
റയലിന്റെ ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനെയെ ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.റയലും യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഉടൻ വരാനെ കരാറിൽ ഒപ്പ് വെക്കുമെന്നാണ് ഇവർ സ്ഥിരീകരിച്ചിരിക്കുന്നത്. താരം മുമ്പ് തന്നെ പേഴ്സണൽ ടെംസ് അംഗീകരിച്ചിരുന്നു. ഇത് പ്രകാരം അഞ്ച് വർഷത്തെ കരാറിലായിരിക്കും വരാനെ ഒപ്പ് വെക്കുക.താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അതിയായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ക്ലബുകൾ തമ്മിലുള്ള ചർച്ച അതിവേഗം പുരോഗമിക്കുകയായിരുന്നു.45 മില്യൺ യൂറോയുടെയും 55 മില്യൺ യൂറോയുടെയും ഇടയിലുള്ള ഒരു തുകക്കായിരിക്കും താരത്തെ റയൽ കൈമാറുക.
Manchester United are closing in on an agreement to sign Real Madrid defender Raphael Varane, Goal can confirm 🚨
— Goal News (@GoalNews) July 25, 2021
അടുത്ത വർഷമാണ് വരാനെയുടെ റയലുമായുള്ള കരാർ അവസാനിക്കുന്നത്. കരാർ പുതുക്കാൻ വരാനെ താല്പര്യം കാണിച്ചിരുന്നില്ല. ഇതോടെ ഫ്രീ ഏജന്റാവുന്നതിന് മുമ്പ് താരത്തെ വിൽക്കാൻ തന്നെയാണ് റയലിന്റെ പദ്ധതി. വരാനെയാവട്ടെ നല്ല രൂപത്തിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്.താരം റയലിൽ പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും സൗഹൃദമത്സരത്തിൽ ടീമിനോടൊപ്പമുണ്ടായിരുന്നില്ല. അതേസമയം ഇതിനോടകം തന്നെ സെർജിയോ റാമോസിനെ റയലിന് നഷ്ടമായിരുന്നു. വരാനെ കൂടി ക്ലബ് വിട്ടാൽ അത് റയലിന് വലിയ ആഘാതമേൽപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ജേഡൻ സാഞ്ചോയെ അവർ തട്ടകത്തിലെത്തിച്ചിരുന്നു. ഇനി വരാനെ കൂടി വന്നാൽ ഡിഫൻസിലെ പ്രശ്നങ്ങൾ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.