ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്‌ പരിശീലകനായി സിനദിൻ സിദാൻ !

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് പരിശീലകനാര്? ഈ ചോദ്യവുമായി ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരുന്നു. പെപ് ഗ്വാർഡിയോള, യുർഗൻ ക്ലോപ് എന്നിവരെ പിന്തള്ളി കൊണ്ട് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫ്രാൻസ് ഫുട്‍ബോളിന്റെ സഹകരണത്തോട് കൂടിയാണ് എൽ എക്വിപ്പെ ഈ വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ അൻപത്തിയേഴ് ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം ഏറ്റവും മികച്ച പരിശീലകനായി മാറിയത്. ഈ സീസണിൽ റയൽ മാഡ്രിഡിന് ലാലിഗ കിരീടം നേടികൊടുത്ത സിദാൻ ഇതിന് മുൻപ് തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗുകൾ റയലിന് നേടികൊടുത്തിരുന്നു. കിരീടങ്ങളുടെയും മത്സരങ്ങളുടെയും ശരാശരി വെച്ച് പരിശോധിക്കുമ്പോഴും സിദാൻ തന്നെയാണ് മുൻപന്തിയിൽ. ഓരോ 19 മത്സരത്തിനിടക്കും ഓരോ കിരീടം എന്നാണ് ശരാശരി കണക്കുകൾ.

ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് ആണ് രണ്ടാം സ്ഥാനം നേടിയത്. ഈ സീസണിൽ ലിവർപൂളിനെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കാൻ ക്ലോപിന് സാധിച്ചിരുന്നു. വോട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിലെ രണ്ടാം സ്ഥാനം നേടികൊടുക്കാൻ സാധിച്ചിരുന്നു. മത്സരങ്ങളുടെയും കിരീടങ്ങളുടെയും ശരാശരി വെച്ചു നോക്കുമ്പോൾ പെപ് സിദാന്റെ ഒരല്പം പിറകിലാണ്. ഓരോ 22 മത്സരങ്ങൾക്കിടയിലും ഒരു കിരീടം എന്നാണ് പെപ് ഗ്വാർഡിയോളയുടെ ശരാശരി. അതേ സമയം ഗ്വാർഡിയോളയും സിദാനും ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടാനൊരുങ്ങുന്നയാണ്. ആദ്യപാദത്തിൽ 2-1 എന്ന സ്കോറിന് റയൽ മാഡ്രിഡ്‌ സിറ്റിയോട് പരാജയം അറിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *