ഐതിഹാസിക ഗോൾകീപ്പർ കസിയ്യസ് വിരമിച്ചു !

സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും ഐതിഹാസിക ഗോൾകീപ്പർ ഐക്കർ കസിയ്യസ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഗ്ലൗവഴിച്ചു വെച്ച കാര്യം ഫുട്ബോൾ ലോകത്തെ അദ്ദേഹം അറിയിച്ചത്. റയൽ മാഡ്രിഡിലൂടെ വളർന്ന റയൽ മാഡ്രിഡിൽ തന്നെയാണ് തന്റെ കരിയറിന്റെ സിംഹഭാഗവും ചിലഴിച്ചത്. പിന്നീട് 2015-ൽ താരം പോർട്ടോയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ വർഷം ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അദ്ദേഹം ഈയൊരു വർഷക്കാലം വിശ്രമജീവിതം നയിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം കളത്തിലിറങ്ങാത്ത താരം ഇന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

2010-ൽ സ്പെയിൻ തങ്ങളുടെ ഏകവേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചിരുന്നത് ഐക്കർ കസിയ്യസ് ആയിരുന്നു. 2008-ലെയും 2012-ലെയും യുറോ കപ്പ് തങ്ങളുടെ രാജ്യത്തിന് നേടികൊടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ രാജ്യത്തിന് വേണ്ടി 167 മത്സരങ്ങളിൽ വലകാക്കാൻ താരത്തിനായി. 1999 മുതൽ 2015 വരെ ദീർഘകാലം റയലിന്റെ വലകാക്കാൻ ഭാഗ്യം ലഭിച്ച താരമാണ് കസിയ്യസ്. 725 മത്സരങ്ങളിൽ ആണ് അദ്ദേഹം റയലിനായി ഗോൾവല കാത്തത്. ഏറ്റവും കൂടുതൽ മത്സരം കളിച്ച റയലിന്റെ രണ്ടാമത്തെ താരമാവാനും താരത്തിന് സാധിച്ചു. ഈ കാലയളവിൽ അഞ്ച് ലാലിഗയും മൂന്ന് ചാമ്പ്യൻസ് ലീഗും നേടാൻ കസിയ്യസിന് സാധിച്ചു. എന്തായാലും താരത്തിന്റെ വിടവാങ്ങൽ ഫുട്ബോൾ ലോകത്ത് നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!