ലിവർപൂൾ ഡിഫൻഡർ ക്ലബ്‌ വിടുന്നു, ചേക്കേറുന്നത് റഷ്യൻ ക്ലബ്ബിലേക്ക് !

ലിവർപൂളിന്റെ ക്രൊയേഷ്യൻ പ്രതിരോധനിര താരം ദേജാൻ ലോവ്റൻ ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്‌ വിട്ടേക്കും. ആറു വർഷക്കാലം ക്ലബിൽ ചിലവഴിച്ചതിന് ശേഷമാണ് താരം ക്ലബ്‌ വിടാൻ തീരുമാനമെടുത്തിരിക്കുന്നത്. നിലവിൽ ഒരു വർഷം കൂടി താരത്തിന് കരാർ അവസാനിക്കാൻ ഉണ്ടെങ്കിലും ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ ആണ് താരത്തിന്റെ തീരുമാനം. റഷ്യൻ ക്ലബായ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിലേക്കാണ് താരം കൂടുമാറാൻ ഒരുങ്ങുന്നത്. ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ടീമിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് താരം ടീം വിടാൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം താരത്തെ ക്ലബിൽ എത്തിക്കാൻ റോമ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ലോണിൽ എത്തിക്കാനായിരുന്നു റോമ ശ്രമിച്ചത്. ലോണിൽ താരത്തെ വിട്ടുതരില്ലെന്ന് ലിവർപൂൾ അറിയിച്ചതോടെ അത് നടക്കാതെ പോവുകയായിരുന്നു. പത്ത് മില്യൺ പൗണ്ടോളമാണ് താരത്തിന് വേണ്ടി ലിവർപൂൾ ആവിശ്യപ്പെടുന്നത്. ഇരുക്ലബുകളും ധാരണയിൽ എത്താനായതായി മിറർ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. വിർജിൽ വാൻഡൈക്കിന്റെ വരവോടെ താരത്തിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ്, ഈ വർഷത്തെ പ്രീമിയർ ലീഗ് എന്നീ കിരീടങ്ങൾ നേടാൻ താരത്തിന് സാധിച്ചു. 2018-ലെ വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പായ ക്രോയേഷ്യൻ ടീമിലെ അംഗമായിരുന്നു താരം.

Leave a Reply

Your email address will not be published. Required fields are marked *