ലിവർപൂളിനെ രക്ഷിച്ച് ഡയസ്,പിന്നാലെ പിതാവിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ട് താരം.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പുതുമുഖങ്ങളായ ലൂട്ടനാണ് സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് ലിവർപൂളിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. കൊളംബിയൻ സൂപ്പർ താരമായ ലൂയിസ് ഡയസാണ് യഥാർത്ഥത്തിൽ ലിവർപൂളിനെ രക്ഷിച്ചെടുത്തത്.
മത്സരത്തിന്റെ 80ആമത്തെ മിനിറ്റിൽ ലൂട്ടൻ ഗോൾ നേടിയതോടെ ലിവർപൂൾ തോൽവി മുന്നിൽ കണ്ടു. എന്നാൽ മത്സരം അവസാനിക്കാൻ കേവലം മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ലിവർപൂളിനെ ഡയസ് രക്ഷിച്ചെടുക്കുകയായിരുന്നു.ഏലിയറ്റിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഡയസ് ഗോൾ നേടിയത്. അതുകൊണ്ടുതന്നെ തോൽവി ഒഴിവാക്കാൻ ലിവർപൂളിന് കഴിഞ്ഞു.
"Libertad para papa" … Freedom for my father.
— ESPN FC (@ESPNFC) November 5, 2023
Luis Diaz's shirt after scoring in the closing minutes for Liverpool ❤️ pic.twitter.com/Xw6zt1Ln25
ഈ ഗോൾ നേടിയ ശേഷം ഡയസ് നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമായിട്ടുണ്ട്. പിതാവിനെ സ്വതന്ത്രനാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.ജേഴ്‌സിക്കുള്ളിൽ ധരിച്ചിരുന്ന ടീ ഷർട്ടിലായിരുന്നു അദ്ദേഹം ഇത് എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ പിതാവിനെ കൊളംബിയയിലെ സായുധസംഘം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. നാഷണൽ ലിബറേഷൻ ആർമി ഗറില്ലാസ് അദ്ദേഹത്തിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.
അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കൊളംബിയൻ ഗവൺമെന്റ് തുടർന്നുകൊണ്ടിരിക്കുകയാണ്. പിതാവിനൊപ്പം അദ്ദേഹത്തിന്റെ മാതാവിനെയും ഇവർ തട്ടിക്കൊണ്ടു പോയിരുന്നു.പക്ഷേ പിന്നീട് മാതാവിനെ മാത്രം മോചിപ്പിക്കുകയായിരുന്നു. ഇക്കാരണത്താൽ ലിവർപൂളിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഡയസ് കളിച്ചിരുന്നില്ല.
പിതാവിനെ സാധ്യമായ വിധം വേഗത്തിൽ മോചിപ്പിക്കുമെന്ന് ഗറില്ല സംഘം പറഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല.ഏതായാലും വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെ തന്നെയാണ് ഈ കൊളംബിയൻ സൂപ്പർ താരം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.