ഗോൾവരൾച്ച നേരിട്ട് വെർണർ, എതിരാളികളെ ഭയപ്പെടുത്താൻ കഴിവുള്ളവനാണെന്ന് ലംപാർഡ് !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസി വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. ടമ്മി അബ്രഹാം ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഡിഫൻഡർ തിയാഗോ സിൽവയുടെ വകയായിരുന്നു. മത്സരത്തിൽ സൂപ്പർ താരം ടിമോ വെർണർ കളിച്ചിരുന്നുവെങ്കിലും താരത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ഒരു തവണ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി ലക്ഷ്യത്തിൽ നിന്നും അകലുകയായിരുന്നു. നിലവിൽ വലിയ തോതിലുള്ള ഗോൾവരൾച്ചയാണ് വെർണർ നേരിടുന്നത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി താരത്തിന് ഗോൾ നേടാൻ സാധിച്ചിട്ടില്ല. പതിനാല് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം ആകെ നേടിയത് നാലു ഗോളുകളാണ്. എന്നാൽ താരത്തിന്റെ ഈ ഗോൾക്ഷാമത്തിൽ തനിക്ക് വേവലാതികളൊന്നുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുയാണ് ചെൽസി പരിശീലകൻ ലംപാർഡ്. എതിരാളികളെ ഭയപ്പെടുത്താനും അവർക്കൊരു പ്രശ്നമാവാനും കഴിയുന്ന താരമാണ് വെർണർ എന്നാണ് ലംപാർഡിന്റെ അഭിപ്രായം.ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലംപാർഡ്.

” ടിമോ ഗോൾ നേടാത്തതിൽ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. വൈകാതെ തന്നെ അദ്ദേഹം ഗോൾ കണ്ടെത്തും. എല്ലാ സ്‌ട്രൈക്കർമാരുടെയും ആഗ്രഹം ഗോൾ നേടുക എന്നത് തന്നെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടിമോ നല്ല രീതിയിൽ ഗോൾ നേടുന്ന താരമാണ്. അത്കൊണ്ട് തന്നെ അദ്ദേഹം ഗോൾ നേടാത്തതിൽ ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണ്. അദ്ദേഹം ഇപ്പോൾ പുതിയ ലീഗിലാണ് കളിക്കുന്നത്. കുറച്ചു സമയം നമ്മൾ അദ്ദേഹത്തിന് അനുവദിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പൊസിഷൻ സ്ഥിരമായിട്ട് അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ടീമുകളെ ഭയപ്പെടുത്താൻ കഴിവുണ്ട്. അവർക്കൊരു പ്രശ്നമാവാനും കഴിയുന്ന താരമാണ് വെർണർ ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!