റയൽ മാഡ്രിഡ്‌ സൂപ്പർ താരത്തെ ക്ലബിലെത്തിക്കാൻ മൊറീഞ്ഞോ

റയൽ മാഡ്രിഡ്‌ സ്പാനിഷ് സൂപ്പർ താരം ലുക്കാസ് വാസ്‌കസിനെ ടോട്ടൻഹാമിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പരിശീലകൻ ജോസ് മൊറീഞ്ഞോ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. മൊറീഞ്ഞോ റയലിൽ പരിശീലകസ്ഥാനം വഹിച്ചിരുന്ന 2010-13 കാലഘട്ടത്തിൽ റയൽ മാഡ്രിഡിന്റെ റിസർവ് താരമായിരുന്നു വാസ്‌കസ്. താരത്തെ ഒന്നോ രണ്ടോ വർഷത്തിന് മാത്രം ക്ലബിൽ എത്തിക്കാനുള്ള പദ്ധതിയാണ് മൊറീഞ്ഞോക്കുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഈ സീസണിൽ റയലിന് വേണ്ടി കേവലം പതിനാലു ലാലിഗ മത്സരങ്ങൾ മാത്രം വാസ്‌ക്കസ് കളിച്ചിട്ടൊള്ളൂ. താരത്തിന് കാഫ് ഇഞ്ചുറി മൂലം ലാലിഗ പുനരാരംഭിച്ച ശേഷം കളിക്കാൻ സാധിച്ചിരുന്നില്ല.

ഏകദേശം പതിനഞ്ച് മില്യൺ പൗണ്ട് ( 17 മില്യൺ യുറോ ) ആണ് ടോട്ടൻഹാം റയലിന് നൽകാൻ തയ്യാറായിട്ടുള്ളത്‍. എന്നാൽ റയൽ മാഡ്രിഡ്‌ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. 22.5 മില്യൺ പൗണ്ട് (25 മില്യൺ യുറോ ) എങ്കിലും കിട്ടണം എന്നാണ് റയൽ ആഗ്രഹിക്കുന്നത്. 2021 വരെയാണ് താരത്തിന്റെ കരാർ ഉള്ളത്. പുതുക്കാനുള്ള ചർച്ചകൾ വഴിയേ നടന്നേക്കുമെന്നും സൂചനകൾ ഉണ്ട്. എന്നാൽ താരത്തിന് ക്ലബ് വിടണമെന്ന് തോന്നിയാൽ റയൽ സമ്മതിച്ചേക്കും. 2014-15 സീസൺ ലോണിൽ എസ്പാനോളിന് വേണ്ടി കളിച്ച താരം പിന്നീട് റയലിൽ തന്നെ മടങ്ങിയെത്തുകയായിരുന്നു. പിന്നീട് ഇതുവരെ എല്ലാ കോംപിറ്റീഷനുകളിലുമായി 201 മത്സരങ്ങൾ കളിച്ച താരം 24 ഗോളുകളും 46 അസിസ്റ്റുകളും നേടിക്കഴിഞ്ഞു. മൂന്ന് ചാമ്പ്യൻസ് ലീഗ്,ഒരു ലാലിഗ എന്നീ കിരീടനേട്ടങ്ങളിൽ താരം പങ്കാളിത്തം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *