റഫീഞ്ഞ നൽകിയത് 48 മണിക്കൂർ മാത്രം,ചെൽസിക്കൊപ്പമെത്തി ബാഴ്സ!
ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റഫീഞ്ഞ ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിലൊന്നാണ്. താരത്തിന് വേണ്ടി നിരവധി ക്ലബ്ബുകളായിരുന്നു രംഗത്തുണ്ടായിരുന്നത്.എഫ്സി ബാഴ്സലോണ,ആഴ്സണൽ,ചെൽസി എന്നിവരായിരുന്നു താരത്തിനു വേണ്ടി ലീഡ്‌സ് യുണൈറ്റഡിന്റെ സമീപിച്ചിരുന്നത്.
ഈയിടെ 60 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ ചെൽസി ലീഡ്‌സിന് നൽകിയിരുന്നു.ലീഡ്‌സ് യുണൈറ്റഡ് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ റഫീഞ്ഞയുമായി കരാറിലെത്താൻ ചെൽസിക്ക് സാധിക്കാതെ പോവുകയായിരുന്നു.അതായത് ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് ബാഴ്സയിലേക്ക് ചേക്കേറാനാണ് ആഗ്രഹം.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ലീഡ്‌സ് ആഗ്രഹിക്കുന്ന ഒരു ഓഫർ നൽകാൻ ഇതുവരെ ബാഴ്സ തയ്യാറായിരുന്നില്ല. ഇതോടുകൂടി റഫീഞ്ഞയും താരത്തിന്റെ ഏജന്റായ ഡെക്കോയും തങ്ങളുടെ നിലപാട് കടുപ്പിക്കുകയായിരുന്നു. അതായത് അടുത്ത 48 മണിക്കൂറിനുള്ളിൽ ലീഡ്‌സിന് പുതിയ ഓഫർ നൽകണമെന്നായിരുന്നു ഇവരുടെ നിലപാട്. അല്ലാത്തപക്ഷം ചെൽസിയുമായി ചർച്ചകൾ പുനരാരംഭിക്കുമെന്നും റഫീഞ്ഞ ബാഴ്സയെ അറിയിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) July 9, 2022
ഇതിന്റെ ഫലമായി കൊണ്ട് ഇപ്പോൾ ബാഴ്സ തങ്ങളുടെ ഓഫർ വർധിപ്പിച്ചിട്ടുണ്ട്. അതായത് ചെൽസി നൽകാമെന്നേറ്റ 60 മില്യൺ പൗണ്ട് തങ്ങളും നൽകാമെന്ന് ബാഴ്സ ഇപ്പോൾ ലീഡ്‌സിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ഓഫറിന്റെ കാര്യത്തിൽ ലീഡ്സ് പ്രതികരണങ്ങളൊന്നും അറിയിച്ചിട്ടില്ല. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
താരത്തിന് ബാഴ്സയിലേക്ക് ചേക്കേറാൻ തന്നെയാണ് താല്പര്യം. ഇപ്പോൾ നൽകാമെന്നേറ്റ 60 മില്യൺ പൗണ്ട് ഇൻസ്റ്റാൾമെന്റ് രൂപത്തിലായിരിക്കും ബാഴ്സ നൽകുക. അതുകൊണ്ടുതന്നെ ലീഡ്സ് യുണൈറ്റഡ് ഈ വിഷയത്തിൽ ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.