യുണൈറ്റഡ് വിടാൻ റൊണാൾഡോ,അന്വേഷണം നടത്തി ചെൽസി,മറ്റു രണ്ട് ക്ലബുകൾക്കും താല്പര്യം!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് നിലവിൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ളത്. ക്ലബ്ബ് വിടാനുള്ള അനുവാദം കഴിഞ്ഞ ദിവസം റൊണാൾഡോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. പ്രമുഖ മാധ്യമമായ ദി ടൈംസായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്.

അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല.ഇതുകൊണ്ടാണ് റൊണാൾഡോ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് നിലവിൽ റൊണാൾഡോയുടെ പദ്ധതി. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ കൈവിടാൻ താല്പര്യമില്ല. പുതിയ പരിശീലകനായ ടെൻ ഹാഗിന്റെ പ്ലാനുകളിൽ റൊണാൾഡോക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷേ റൊണാൾഡോയെ കൺവിൻസ് ചെയ്യിക്കാൻ ടെൻ ഹാഗിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഗോൾ ഡോട്ട് കോം കണ്ടെത്തിയിരുന്നു.

നിലവിൽ മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ വലിയ താല്പര്യമുണ്ട്. റൊണാൾഡോയുടെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ഏജന്റുമായി ചെൽസി അന്വേഷണം നടത്തിയിട്ടുണ്ട്. ചെൽസിയുടെ പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ ഒരു സൈനിംഗ് നടത്താൻ ആഗ്രഹമുണ്ട്. മാത്രമല്ല ലുക്കാക്കുവിനെ അവർക്ക് നഷ്ടമായിട്ടുണ്ട്.ഈ സ്ഥാനത്തേക്കാണ് ചെൽസി ഇപ്പോൾ റൊണാൾഡോയെ പരിഗണിക്കുന്നത്.RMC സ്പോർട്,ഗോൾ ഡോട്ട് കോം എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്, ഇറ്റാലിയൻ വമ്പൻമാരായ നാപോളി എന്നിവർക്കും റൊണാൾഡോയിൽ താല്പര്യമുണ്ട്. പക്ഷേ ചെൽസി തന്നെയാണ് നിലവിൽ താരത്തിന് വേണ്ടി മുന്നിട്ടുനിൽക്കുന്നത്. ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും ഏത് രൂപത്തിലുള്ള ഒരു തീരുമാനം കൈക്കൊള്ളൂമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *