യുണൈറ്റഡിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ മെസ്സി സെലിബ്രേഷനുമായി ഗർനാച്ചോ.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഫുൾഹാമിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയം നേടിയിരുന്നത്. ക്രിസ്ത്യൻ എറിക്സൺ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തെങ്കിലും ഡാനിയൽ ജയിംസ് ഫുൾഹാമിന് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു.

എന്നാൽ പകരക്കാരനായി ഇറങ്ങിയ അലെജാൻഡ്രോ ഗർനാച്ചോയാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഒരു തകർപ്പൻ മുന്നേറ്റത്തിനൊടുവിലാണ് താരം ഗോൾ കണ്ടെത്തിയത്. ഈ ഗോളിലാണ് മഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.

ഈ ഗോളിന് ശേഷം ഗർനാച്ചോ നടത്തിയ സെലിബ്രേഷൻ ആണ് ഇപ്പോൾ സംസാരവിഷയം. തന്റെ ജേഴ്സി ഉയർത്തി കാണിച്ച് ആരാധകർക്ക് മുന്നിൽ പേര് പ്രദർശിപ്പിക്കുന്ന സെലിബ്രേഷനാണ് ഗർനാച്ചോ നടത്തിയിട്ടുള്ളത്.സൂപ്പർ താരം ലയണൽ മെസ്സി റയലിനെതിരെ ഇത്തരത്തിലുള്ള ഒരു സെലിബ്രേഷൻ മുമ്പ് നടത്തിയിരുന്നു. അതിനെ അനുകരിക്കുകയാണ് ഇതിലൂടെ ഗർനാച്ചോ ചെയ്തിട്ടുള്ളത്.

സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയലിനെ തോൽപ്പിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു. അന്ന് അവസാനത്തിൽ വിജയഗോൾ നേടിയതിനു ശേഷമാണ് മെസ്സി ഈ ജേഴ്‌സി ഉയർത്തിയുള്ള സെലിബ്രേഷൻ നടത്തിയിരുന്നത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ നേടിയ സമയത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ അദ്ദേഹത്തിന്റെ അനുമതിയോടുകൂടി ഗർനാച്ചോ അനുകരിച്ചിരുന്നു.മെസ്സിക്കോപ്പവും ക്രിസ്റ്റ്യാനോക്കൊപ്പവും സമയം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരം കൂടിയാണ് ഗർനാച്ചോ.

Leave a Reply

Your email address will not be published. Required fields are marked *