മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലെത്തുമോ? നിലപാട് വ്യക്തമാക്കി ഗ്വാർഡിയോള!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ മെസ്സി ക്ലബ് വിടണമെന്ന് ആവിശ്യപ്പെട്ടപ്പോൾ താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്ന ക്ലബായിരുന്നു മാഞ്ചസ്റ്റർ സിറ്റി. നിലവിൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ട് ബാഴ്‌സ വിടുമ്പോൾ സിറ്റിയും മെസ്സിക്ക് വേണ്ടി രംഗത്തുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ലയണൽ മെസ്സി തങ്ങളുടെ പരിഗണനയിൽ ഇല്ലായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള. മെസ്സിയെ സിറ്റി സൈൻ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗ്വാർഡിയോള.
” ഞങ്ങൾ നൂറ് മില്യൺ മുടക്കി കൊണ്ട് ജാക്ക് ഗ്രീലീഷിനെ ഇവിടെ എത്തിച്ചിട്ടുണ്ട്. അദ്ദേഹം പത്താം നമ്പർ ജേഴ്‌സി ധരിക്കും അദ്ദേഹത്തിൽ ഞങ്ങൾ കൺവിൻസ്ഡാണ്.അതേസമയം മെസ്സി എഫ്സി ബാഴ്സലോണയിൽ തന്നെ തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ഏതായാലും നിലവിൽ മെസ്സി ഞങ്ങളുടെ പരിഗണനയിൽ ഇല്ല ” ഇതാണ് പെപ് ഇതേ കുറിച്ച് മറുപടി പറഞ്ഞത്.
അതേസമയം ലയണൽ മെസ്സിയെ പ്രശംസിക്കാനും പെപ് മറന്നില്ല.2008 മുതൽ 2012 വരെയുള്ള കാലയളവിൽ മെസ്സി ഗ്വാർഡിയോളക്ക് കീഴിൽ കളിച്ചിരുന്നു. മെസ്സിയുമൊത്തുള്ള അനുഭവങ്ങളാണ് പെപ് പങ്കുവെച്ചത്.
Pep on bringing Messi to Manchester City: pic.twitter.com/5GJhMc3kqc
— B/R Football (@brfootball) August 6, 2021
” ഞാൻ മെസ്സിയോടോ പ്രസിഡന്റിനോടോ ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്നും എനിക്കറിയില്ല. പക്ഷേ മെസ്സിയുടെ കരിയർ അദ്ദേഹം ബാഴ്‌സയിൽ അവസാനിപ്പിക്കുന്നത് കാണാനായിരുന്നു എനിക്കിഷ്ടം.ഒരു ആരാധകൻ എന്ന നിലയിൽ എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ അസാധാരണ താരമായ അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്.ബാഴ്‌സക്ക് വേണ്ടി കിരീടങ്ങൾ നേടാൻ അദ്ദേഹം എന്നെ സഹായിച്ചു.എന്നെ ജർമ്മനിയിലേക്കും ഇംഗ്ലണ്ടിലെക്കും എത്താൻ സഹായിച്ചത് അത് തന്നെയാണ്.അതിനുമപ്പുറം ഒരു ബോൾ കൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് ടിവിക്ക് മുന്നിലിരുന്ന നമുക്ക് അദ്ദേഹം കാണിച്ചു തന്നു.എനിക്കിപ്പോൾ ആകെ പറയാനുള്ളത്, ബാഴ്സലോണയെ മറ്റൊരു ലെവലിൽ എത്തിച്ചതിനുള്ള നന്ദി മാത്രമാണ്.അദ്ദേഹത്തിന്റെ ഇനിയുള്ള കരിയറിന് ഞാൻ എല്ലാ വിധ ആശംസകളും നേരുന്നു ” ഇതാണ് പെപ് മെസ്സിയെ കുറിച്ച് പറഞ്ഞത്.
ഏതായാലും ലയണൽ മെസ്സിക്ക് വേണ്ടി നിലവിൽ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ല എന്നത് തന്നെയാണ് പെപ്പിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഇതോടെ മെസ്സി പിഎസ്ജിയിൽ എത്താനുള്ള സാധ്യതകൾ വർധിച്ചു.