മെസ്സി ഗ്വാർഡിയോളയുമായി സംസാരിച്ചിരുന്നു, താരം സിറ്റിയിലേക്കോ?

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇതുവരെ ഫുട്ബോൾ ലോകത്തിന് ലഭിച്ചിട്ടില്ല. മെസ്സി ക്ലബ്‌ വിടാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ബാഴ്സ ഇതുവരെ അക്കാര്യത്തിൽ ഒരു ഔദ്യോഗികപ്രതികരണം അറിയിച്ചിട്ടില്ല. ബോർഡ് അംഗങ്ങൾക്കിടയിൽ തന്നെ മെസ്സിയെ പറ്റി ഭിന്നാഭിപ്രായങ്ങൾ ആണ്. അത്കൊണ്ട് തന്നെ ഇതുവരെ ഒരു വ്യക്തമായ തീരുമാനം ബാഴ്സലോണക്ക് കൈക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അതേസമയം മെസ്സി ക്ലബ് വിടാനുള്ള തീരുമാനം ഞൊടിയിടയിൽ എടുത്തതല്ല എന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ബയേണിനെതിരായ തോൽവിക്ക് പിന്നാലെ തന്നെ മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. തുടർന്ന് മെസ്സി മുൻ ബാഴ്‌സ പരിശീലകനും നിലവിൽ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോളയുമായി സംസാരിച്ചിരുന്നു.

പ്രമുഖജേണലിസ്റ്റുകളെ ഉദ്ധരിച്ചു കൊണ്ട് ഇഎസ്പിഎൻ എഫ്സിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് മെസ്സി പെപ് ഗ്വാർഡിയോളയെ ഫോണിൽ ബന്ധപ്പെട്ടത്. ഒരുപക്ഷെ സിറ്റിയിലേക്ക് വരുന്നതിനുള്ള സാധ്യതകളെ പറ്റിയായിരിക്കും ഇരുവരും സംസാരിച്ചിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ഒരാഴ്ച്ച മുമ്പ് തന്നെ മെസ്സി ക്ലബ്ബിനെ കയ്യൊഴിയുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കാണേൽ താരത്തെ ക്ലബിൽ എത്തിക്കാൻ താല്പര്യവുമുണ്ട്. ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസ് തെറ്റിക്കാതെ മെസ്സിയെ എങ്ങനെ തട്ടകത്തിൽ എത്തിക്കാമെന്ന് സിറ്റി അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. ഏതായാലും കൂടുതൽ വിവരങ്ങൾ ഉടനെ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *