മെസ്സിയും ക്രിസ്റ്റ്യാനോയും ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് ഇത്രയും കാലം പോരാടിയത്: മനസ്സ് തുറന്ന് അഗ്വേറോ!

ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. കഴിഞ്ഞ 15 വർഷത്തോളം യൂറോപ്പിൽ നിരവധി നേട്ടങ്ങളും പുരസ്കാരങ്ങളും സ്വന്തമാക്കിയ ഈ രണ്ടു താരങ്ങളും ഇപ്പോൾ യൂറോപ്പിനോട് വിടപറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി അമേരിക്കയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലുമാണ് ഇപ്പോൾ ചിലവഴിക്കുന്നത്.

12 ബാലൺഡി’ഓർ പുരസ്കാരങ്ങൾ പങ്കിട്ടിട്ടുള്ള താരങ്ങളാണ് മെസ്സിയും റൊണാൾഡോയും. ഈ രണ്ടു താരങ്ങളെ കുറിച്ചും സെർജിയോ അഗ്വേറോ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. മെസ്സിക്ക് ശേഷമുള്ള ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. ഇരുവരും ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് ഇത്രയും കാലം പോരാടിയതെന്നും അഗ്വേറോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകളെ ബാഴ്സ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ലയണൽ മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം. പക്ഷേ മെസ്സി കഴിഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സമീപകാലത്തെ ഏറ്റവും മികച്ച താരം. ലയണൽ മെസ്സിയുടെ അതേ ലെവലിൽ പോരാടുക എന്നുള്ളത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. 11 വർഷത്തോളം ഇരുവരും ബാലൺഡി’ഓർ പുരസ്കാരങ്ങൾ പങ്കിട്ടെടുത്തു. ഒന്നാം സ്ഥാനത്തിനു വേണ്ടിയായിരുന്നു അവർ രണ്ടുപേരും പോരാടിയിരുന്നത് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ ബാലൺഡി’ഓർ സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലയണൽ മെസ്സി. ഇപ്പോഴും തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മെസ്സി യൂറോപ്പ് വിട്ടത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതേസമയം റൊണാൾഡോ അൽ നസ്റിന് വേണ്ടി സൗദിയിൽ 14 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *