മെസ്സിയാണെങ്കിൽ പോലും ഉൾപ്പെടുത്തില്ല : സിയെച്ചിനെ കുറിച്ച് മൊറോക്കൻ കോച്ച്
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഫ്ക്കോൺ ടൂർണമെന്റിനുള്ള മൊറോക്കാൻ ടീമിൽ ചെൽസിയുടെ സൂപ്പർ താരമായ ഹാക്കിം സിയെച്ചിനെ ഉൾപ്പെടുത്തിയിരുന്നില്ല.താരത്തിന്റെ അച്ചടക്കമില്ലായ്മ മൂലമാണ് പരിശീലകനായ വാഹിദ് താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്.ക്വാർട്ടർ ഫൈനലിൽ ഈജിപ്തിനോട് പരാജയപ്പെട്ടു കൊണ്ട് മൊറൊക്കോ ആഫ്കോണിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
ഈ മത്സരത്തിന് ശേഷം സിയെച്ചിനെ ഉൾപ്പെടുത്താത്തതിനെ കുറിച്ചൊരു വിശദീകരണം പരിശീലകനായ വാഹിദ് നൽകിയിരുന്നു.ടീമിന് അനുയോജ്യനായ ഒരു താരമല്ല സിയെച്ച് എന്നാണ് അദ്ദേഹം പറഞ്ഞത്.ടീമിനെ താളം തെറ്റിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തില്ലെന്നും ആ താരത്തിന്റെ പേര് മെസ്സിയായാൽ പോലും തന്റെ തീരുമാനം ഇത് തന്നെയായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. മൊറോക്കൻ പരിശീലകന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 4, 2022
“രാജ്യത്തിലെ ഏറ്റവും മികച്ച താരങ്ങളെയാണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്.ഗ്രൂപ്പിനെ താളം തെറ്റിക്കുന്ന ഒരു താരത്തെ ഞാൻ തിരഞ്ഞെടുക്കില്ല. അതിപ്പോ ആ താരത്തിന്റെ പേര് ലയണൽ മെസ്സി എന്നാണെങ്കിൽ പോലും എന്റെ തീരുമാനം ഇതു തന്നെയായിരിക്കും.സിയെച്ചിന്റെ പെരുമാറ്റം ടീമിന് അനുയോജ്യമായ ഒന്നല്ല.അദ്ദേഹത്തിന് പരിശീലനം ചെയ്യാനോ കളിക്കാനോ താല്പര്യമില്ല.അദ്ദേഹം രാജ്യത്തിന്റെ മത്സരങ്ങളെ ഗൗരവമായി എടുക്കുന്നില്ല.അദ്ദേഹത്തോട് തിരികെ വരാൻ ഞാൻ യാചിക്കുകയുമില്ല.മൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ആഫ്ക്കോണിനു ശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടത് സിയെച്ചാണ്.അദ്ദേഹത്തിന് കൂവൽ ഏൽക്കേണ്ടി വന്നിരുന്നു. അതൊന്നും നിങ്ങൾ മറന്നുപോകരുത് ” ഇതാണ് മൊറോക്കോയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ജൂണിൽ ബുർകിനോ ഫാസോക്കെതിരെ നടന്ന സൗഹൃദമത്സരത്തിലാണ് അവസാനമായി സിയെച്ച് മൊറോക്കോക്ക് വേണ്ടി വേണ്ടി കളിച്ചത്. അതേസമയം ചെൽസിയുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളിൽ ഗോളുകൾ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.