ബയേണിൽ സന്തോഷവാനാണെന്ന് തിയാഗോ, ലിവർപൂളിന്റെ മോഹം അസ്തമിക്കുമോ?

ഈ കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ഫുട്ബോൾ ലോകത്തിന്റെ മനം കവർന്ന താരങ്ങളിൽ ഒരാളാണ് ബയേൺ മ്യൂണിക്കിന്റെ തിയാഗോ അൽകാന്ററ. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം ബയേൺ ഉയർത്തുന്നതിൽ തിയാഗോ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അതിനാൽ തന്നെ താരത്തിന് പിറകെ ഒട്ടേറെ ക്ലബുകൾ ഉണ്ടായിരുന്നു. അതിൽ പ്രധാനികളായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും. ഇതിൽ തന്നെ ലിവർപൂൾ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി താരത്തിന് വേണ്ടി കഠിനപരിശ്രമത്തിലാണ്. താരത്തെ ക്ലബ്ബിൽ എത്തിക്കുന്നതിൽ തൃപ്തി പ്രകടിപ്പിച്ചു കൊണ്ട് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് രംഗത്ത് വന്നിരുന്നു. 27 മില്യൺ പൗണ്ടിന് മുകളിൽ വില വരുന്ന താരത്തിന് വേണ്ടി ലിവർപൂൾ വിലപേശലുകൾ തുടരുകയാണ്. അതിനിടെയാണ് താൻ ബയേൺ മ്യൂണിക്കിൽ സന്തോഷവാനാണ് എന്ന് അറിയിച്ചത്.

നിലവിൽ സ്പെയിൻ ടീമിനൊപ്പമാണ് തിയാഗോ ഉള്ളത്. യുവേഫ നേഷൻസ് ലീഗിൽ ഉക്രൈനെ നേരിടുന്നതിന് മുന്നോടിയായുള്ള അഭിമുഖത്തിൽ ആണ് തിയാഗോ ഇക്കാര്യം വെളിപ്പെടുത്തിയത്.

” ഞാനിപ്പോൾ ഉക്രൈനെതിരെയുള്ള മത്സരത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതിന് ശേഷം ബാക്കിയുള്ള കാര്യങ്ങളിലേക്ക് നോക്കാം. ബയേൺ എന്റെ വീടാണ്. ഞാൻ ഇവിടെ സന്തോഷവാനുമാണ് ” ഇതായിരുന്നു തിയാഗോ പറഞ്ഞത്. പക്ഷെ മുമ്പ് തന്നെ താരത്തിന് പ്രീമിയർ ലീഗിലേക്ക് വരാൻ താല്പര്യമുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സീസണിൽ നാല്പത് മത്സരങ്ങളിൽ ആണ് താരം ബയേണിന് വേണ്ടി കളിച്ചിട്ടുള്ളത്. താരത്തിന് യൂണൈറ്റഡിനേക്കാൾ കൂടുതൽ താല്പര്യം ലിവർപൂളിനോട്‌ തന്നെയാണ്. അതേ സമയം വൈനാൾഡത്തെ ബാഴ്സക്ക് നൽകി കൊണ്ട് തിയാഗോക്ക് വേണ്ടി സ്ഥലമൊരുക്കാനുള്ള പദ്ധതിയിലാണ് ലിവർപൂൾ.

Leave a Reply

Your email address will not be published. Required fields are marked *