പുതിയ ഡിഫൻഡർമാരെ എത്തിക്കണം, ലംപാർഡ് വിൽക്കാനൊരുങ്ങുന്നത് മൂന്നോളം താരങ്ങളെ !

വരുന്ന സീസണിലേക്ക് ടീമിനെ അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് താനെന്ന് ലംപാർഡ് തന്റെ പ്രവർത്തികളിലൂടെ വ്യക്തമാക്കിയതാണ്. അയാക്സിന്റെ സൂപ്പർ താരം ഹാകിം സിയെച്ചിനെ എത്തിച്ചതിന് പിന്നാലെ ലെയ്പ്സിഗ് ഗോളടി യന്ത്രം ടിമോ വെർണറെയും ലംപാർഡ് ചെൽസിയിൽ എത്തിച്ചിരുന്നു. തുടർന്ന് ബയേറിന്റെ ഹാവെർട്സിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ചെൽസി. എന്നാൽ മുന്നേറ്റനിരയിലേക്ക് മിന്നും താരങ്ങളെ എത്തിക്കുമ്പോഴും തന്റെ പ്രതിരോധനിരയിൽ താൻ സംതൃപ്തനല്ലെന്നാണ് ലംപാർഡിന്റെ നിലപാട്. ആൻഡ്രിയാസ് ക്രിസ്റ്റൻസൺ, കുർട്ട് സൗമ എന്നീ താരങ്ങളിൽ അദ്ദേഹത്തിന് വേണ്ടത്ര വിശ്വാസം പോരാ. അതിനാൽ തന്നെ ഡിഫൻസീവ് നിരയിലേക്ക് ഒരുപിടി മികച്ച താരങ്ങളെ ചെൽസി നോട്ടമിട്ട് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതിന് ടീം വിടാൻ നിൽക്കുന്ന ചില താരങ്ങളുടെ ട്രാൻസ്ഫർ നടന്നാലേ ഇത് സാധ്യമാവുകയൊള്ളൂ എന്ന കണക്കുകൂട്ടലിലാണ് ലംപാർഡ്.

ബേൺമൗത്തിന്റെ നഥാൻ അകയെ ക്ലബിൽ എത്തിക്കാൻ ലംപാർഡ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ. കൂടാതെ ലെയ്സെസ്റ്റർ സിറ്റിയുടെ ബെൻ ചിൽവെല്ലിന് വേണ്ടി ചെൽസി ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പുതുതായി രണ്ട് താരങ്ങളെയാണ് ഡിഫൻസീവിലേക്ക് ലംപാർഡ് കണ്ടു വെച്ചിരിക്കുന്നത്. വെസ്റ്റ്ഹാമിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ ഡിക്ലൻ റൈസ്, അത്ലറ്റികോ മാഡ്രിഡിന്റെ ജോസെ ജിമിനസ് എന്നിവരാണിപ്പോൾ ലാംപാർടിന്റെ ലക്ഷ്യം. ടെലിഗ്രാഫ് ആണ് ഈ വാർത്തയുടെ ഉറവിടം. റൈസിന് വേണ്ടി 65 മില്യൺ പൗണ്ട് എങ്കിലും മുടക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകൾ. അത്പോലെ തന്നെ ജിമിനെസിന്റെ ട്രാൻസ്ഫറിനും നല്ല രീതിയിൽ തുക മുടക്കേണ്ടി വരും. അതിനാൽ നിലവിൽ ക്ലബ് വിടാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ ട്രാൻസ്ഫർ നടന്നാൽ മാത്രമേ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാവുകയൊള്ളൂ. ജോർജിഞ്ഞോ, മാർക്കോസ് അലോൺസോ, എമേഴ്‌സൺ പാൽമീരി എന്നിവരാണ് ചെൽസി വിടാൻ ഒരുങ്ങി നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *