പിഴവ് ആവർത്തിച്ച് കെപ, മാനേയുടെ രണ്ടടിയിൽ ചെൽസി തകർന്നു !
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന് വിജയം. കരുത്തരായ ചെൽസിയെയാണ് ലിവർപൂൾ തകർത്തു വിട്ടത്. സൂപ്പർ താരം സാഡിയോ മാനേയുടെ ഇരട്ടഗോളുകൾ ആണ് ലിവർപൂളിന് സൂപ്പർ പോരാട്ടത്തിൽ വിജയം നേടി കൊടുത്തത്. എല്ലാം കൊണ്ടും മോശമായ പ്രകടനമാണ് ഇന്നലെ ലംപാർഡിന്റെ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഗോൾകീപ്പർ കെപ പിഴവ് ആവർത്തിച്ചപ്പോൾ ജോർജിഞ്ഞോ പെനാൽറ്റി പാഴാക്കുകയും ചെയ്തു. കൂടാതെ ഡിഫൻഡർ ക്രിസ്റ്റൻസൺ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതൊക്കെയാണ് നീലപ്പടക്ക് തിരിച്ചടി ഏല്പിച്ചത്. ജയത്തോടെ ആറു പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്താണ്. അതേ സമയം മൂന്ന് പോയിന്റ് മാത്രമുള്ള ചെൽസി പത്താം സ്ഥാനത്തുമാണ്. ചെൽസിയിൽ വെർണർ ഒഴികെയുള്ള താരങ്ങൾ എല്ലാം തന്നെ നിറം മങ്ങുകയാണ് ഇന്നലെ ചെയ്തത്.
Bobby ➡️ Mo ➡️ Bobby ➡️ Sadio ⚽️
— Liverpool FC (@LFC) September 20, 2020
A lovely Reds move finished in style by Mane 🔥 pic.twitter.com/OyRy9zRzfL
പതിഞ്ഞ താളത്തിലാണ് മത്സരം ആരംഭിച്ചത്. ഇടയ്ക്കിടെ ലിവർപൂൾ ആക്രമണങ്ങൾ മെനഞ്ഞുവെങ്കിലും ഫലം കണ്ടില്ല. എന്നാൽ മത്സരത്തിന്റെ 44-ആം മിനിറ്റിൽ ഡിഫൻഡർ ക്രിസ്റ്റൻസൺ മാനെയെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് കാണുകയായിരുന്നു. ഇത് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ തിയാഗോ അൽകാൻട്ര കൂടി വന്നതോടെ കളി ലിവർപൂളിന്റെ കയ്യിലായി. അൻപതാം മിനുട്ടിൽ ഫിർമിഞ്ഞോയുടെ അസിസ്റ്റിൽ നിന്ന് മാനെ ഗോൾ നേടുകയായിരുന്നു. ഇതോടെ മത്സരത്തിൽ റെഡ്സ് ആധിപത്യം പിടിച്ചെടുത്തു. കേവലം നാലു മിനുട്ടുകൾക്ക് ശേഷം മാനെ വീണ്ടും ലക്ഷ്യം കണ്ടു. പക്ഷെ ഇത്തവണ ഗോളിന് കാരണക്കാരൻ ചെൽസി ഗോൾകീപ്പർ കെപയാണ്. താരത്തിന്റെ പിഴവിൽ നിന്നാണ് മാനേ രണ്ടാം ഗോൾ നേടിയത്. പിന്നീട് ഒരു ഗോൾ മടക്കാൻ 75-ആം മിനുട്ടിൽ ചെൽസിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ ജോർജിഞ്ഞോ എടുത്ത പെനാൽറ്റി ലിവർപൂൾ കീപ്പർ ആലിസൺ തടയുകയായിരുന്നു. ഇതോടെ മത്സരം 2-0 എന്ന സ്‌കോറിൽ തന്നെ അവസാനിക്കുകയായിരുന്നു.
🙌 @Alissonbecker 🙌 pic.twitter.com/C8RKMqq24P
— Liverpool FC (@LFC) September 20, 2020