പണത്തിനു വേണ്ടിയല്ല ക്ലബ്ബ് വിട്ടത്, ലിവർപൂളിന് എന്നെ വേണ്ടായിരുന്നു: തുറന്നുപറഞ്ഞ് ഹെന്റെഴ്സൺ

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിവർപൂളിന്റെ ക്യാപ്റ്റനായ ജോർദാൻ ഹെന്റെഴ്സൺ ക്ലബ്ബ് വിട്ടത്.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. 12 മില്യൺ പൗണ്ട് ആണ് ട്രാൻസ്ഫർ ഫീയായിക്കൊണ്ട് ലിവർപൂളിന് ലഭിച്ചത്. ക്ലബ്ബ് വിട്ടുകൊണ്ട് സൗദി അറേബ്യയിലേക്ക് പോയതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഹെന്റെഴ്സണ് ലഭിച്ചത്.

എന്നാൽ ദി അത്‌ലറ്റിക്കിന് നൽകിയ പുതിയ അഭിമുഖത്തിൽ ഈ വിമർശനങ്ങൾക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്.പണത്തിന് വേണ്ടിയല്ല താൻ സൗദി അറേബ്യയിലേക്ക് പോയത് എന്നാണ് ഹെന്റെഴ്സൺ വ്യക്തമാക്കിയിട്ടുള്ളത്. താൻ ക്ലബ്ബിൽ തുടരണമെന്ന് ലിവർപൂൾ ആഗ്രഹിച്ചിരുന്നില്ലെന്നും ഹെന്റെഴ്സൺ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പണത്തിനു വേണ്ടിയാണ് സൗദി അറേബ്യയിലേക്ക് പോയത് എന്നതാണ് ഏറ്റവും കഠിനമായ ഭാഗം. അവർ പണവുമായി വന്നു, ഞാൻ അവർക്കൊപ്പം അതുകണ്ട് പോയി എന്നാണ് ആളുകൾ പറയുന്നത്.പക്ഷേ അതല്ല യാഥാർത്ഥ്യം. എന്റെ കരിയറിൽ പണം ഒരിക്കലും മോട്ടിവേഷൻ ആയിരുന്നില്ല. മറ്റെല്ലാ കാര്യങ്ങളെ പോലെ തന്നെ പണം ഒരു ഭാഗം മാത്രമാണ്.ലിവർപൂളിന് എന്നെ വേണ്ടായിരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. കൂടുതൽ താരങ്ങൾ വരുന്നുണ്ടെന്നും കളിക്കാനുള്ള സമയം തനിക്ക് കുറവായിരിക്കും എന്നും എനിക്ക് അറിയാമായിരുന്നു.എന്റെ കരിയറിലെ അടുത്ത സ്റ്റെപ്പ് എന്താണ് എന്ന് ഞാൻ ചിന്തിച്ചു.ക്ലബ്ബിന് എന്നെ വേണ്ടാത്ത പോലെ തോന്നി. ലിവർപൂളിൽ തന്നെ തുടരാൻ ക്ലബ്ബിന് അകത്തുള്ള ആരും എന്നോട് പറഞ്ഞില്ല. ഇതോടുകൂടിയാണ് ഞാൻ ക്ലബ്ബ് വിട്ടത് ” ഇതാണ് ഹെന്റെഴ്സൺ പറഞ്ഞിട്ടുള്ളത്.

ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡിന്റെ കീഴിലാണ് ഇപ്പോൾ ഹെന്റെഴ്സൺ കളിക്കുന്നത്.മുൻപ് ലിവർപൂളിൽ കളിച്ച പല താരങ്ങളും ഇപ്പോൾ സൗദി അറേബ്യയിൽ കളിക്കുന്നുണ്ട്.ഫാബിഞ്ഞോ,ഫിർമിഞ്ഞോ,സാഡിയോ മാനെ എന്നിവരൊക്കെ സൗദി അറേബ്യയുടെ താരങ്ങളാണ്.സലാക്ക് വേണ്ടിയും അവർ ശ്രമങ്ങൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *