നെയ്മറുടെ ക്യാമ്പ് ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചു, താരം പ്രീമിയർ ലീഗിലേക്കോ?

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റൂമറുകൾ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് സജീവമായി കഴിഞ്ഞു. തനിക്ക് ക്ലബ്ബ് വിടണമെന്നുള്ള ആവശ്യം നെയ്മർ പിഎസ്ജിയെ അറിയിച്ചു കഴിഞ്ഞുവെന്ന് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ നെയ്മർ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയേക്കും എന്നുള്ള റൂമറുകൾ ശക്തമാവുകയായിരുന്നു. ബാഴ്സയുടെ പരിശീലകനായ സാവി ഇതുവരെ ഇതിന് സമ്മതം മൂളിയിട്ടില്ല.

മാത്രമല്ല ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയും നെയ്മർ ട്രാൻസ്ഫറിന് ഇപ്പോൾ തടസ്സമാണ്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് നെയ്മറെ സ്വന്തമാക്കാൻ വളരെയധികം താല്പര്യമുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ടോഡ് ബോഹ്ലി നെയ്മർക്ക് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. എന്നാൽ ഇത്തവണ വളരെ ഗൗരവപൂർവ്വം ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ട്.

നെയ്മറുടെ പ്രതിനിധികളുമായി ചെൽസി ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. സാമ്പത്തികപരമായി വളരെ മികച്ച നിലയിലുള്ള ക്ലബ്ബാണ് ചെൽസി. അതുകൊണ്ടുതന്നെ നെയ്മറെ എത്തിക്കുന്നതിന് അവർക്ക് പ്രത്യേകിച്ച് തടസ്സങ്ങൾ ഒന്നുമില്ല. പക്ഷേ നെയ്മർ ഒരിക്കലും തനിക്ക് പിഎസ്ജിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാലറി കുറക്കാൻ തയ്യാറായേക്കില്ല. ആ സാലറി നൽകാൻ ചെൽസി തയ്യാറാകുമോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ട കാര്യം. കൂടാതെ ട്രാൻസ്ഫർ ഫീയായികൊണ്ട് വലിയൊരു തുകയും ചെൽസിക്ക് ചിലവഴിക്കേണ്ടി വന്നേക്കും.

ഏതായാലും ഈ ചർച്ചകൾ ഏത് വഴിക്കാണ് പുരോഗമിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും നിലവിൽ നെയ്മർ പാരിസിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് RMC സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ നെയ്മർ രണ്ടുഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മികച്ച പ്രകടനം ക്ലബ്ബിനായി പുറത്തെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *