ടെർസ്റ്റീഗന് വേണ്ടി ഓഫർ സമർപ്പിക്കാനൊരുങ്ങി ചെൽസി,വെല്ലുവിളിയായി ബയേണും !

എഫ്സി ബാഴ്സലോണയുടെ ജർമ്മൻ ഗോൾകീപ്പർ ടെർ സ്റ്റീഗന് വേണ്ടി ചെൽസി ശ്രമങ്ങൾ തുടങ്ങിയ കാര്യം നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചതായിരുന്നു. നല്ലൊരു ഗോൾകീപ്പറെ കണ്ടെത്താനുള്ള ലംപാർഡിന്റെ ശ്രമങ്ങൾക്കിടയിലാണ് ചെൽസി ടെർസ്റ്റീഗനെ നോട്ടമിട്ടത്. എന്നാൽ അന്ന് തന്നെ ഇതൊരു അസാധ്യമായ നീക്കമാണ് എന്ന് പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. താരത്തെ വിട്ടുകൊടുക്കാൻ ബാഴ്സക്ക് താല്പര്യമില്ല എന്നായിരുന്നു ഇതിലൂടെ മാധ്യമങ്ങൾ ഉദ്ദേശിച്ചത്. എന്നാൽ ചെൽസി ഇതിനെ പിടിവിടാനുള്ള ഒരുക്കമല്ല എന്നാണ് പുതിയ വാർത്തകൾ. സ്റ്റീഗന് വേണ്ടി ബാഴ്സക്ക് ഒരു ഓഫർ നൽകാനുള്ള ശ്രമത്തിലാണ് നീലപ്പട. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ പണമൊഴുക്കിയ ചെൽസി അത്യാവശ്യം നല്ലൊരു തുക തന്നെ വാഗ്ദാനം ചെയ്‌തേക്കും എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖമാധ്യമമായ Cadena Ser ആണ് ഈ റിപ്പോർട്ട്‌ പുറത്തു വിട്ടിരിക്കുന്നത്.

പക്ഷെ ഇപ്പോൾ ചെൽസിക്ക് വെല്ലുവിളിയായി കൊണ്ട് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. Cadena Ser തന്നെയാണ് ഇക്കാര്യവും അറിയിച്ചിരിക്കുന്നത്. മാനുവൽ ന്യൂയറിന് പകരക്കാരൻ എന്ന ഉദ്ദേശത്തോടെയാണ് ബയേൺ താരത്തെ ജന്മദേശത്തേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്നത്. നിലവിൽ 2022 സമ്മർ വരെയാണ് സ്റ്റീഗന് ബാഴ്സയിൽ കരാർ ഉള്ളത്. ഇത് പുതുക്കാൻ താരം ഇത് വരെ തയ്യാറായിട്ടില്ല. മാത്രമല്ല മറ്റു താരങ്ങളെ പോലെ ബാഴ്സയിലെ പ്രശ്നങ്ങളിൽ താരവും അസ്വസ്ഥനാണ്. അതിനാൽ തന്നെ ഈയവസരത്തിൽ താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്ന് ചൂണ്ടയിട്ടു നോക്കുകയാണ് ചെൽസിയും ബയേണും ചെയ്യുന്നത്. 72 മില്യൺ യുറോ എന്ന റെക്കോർഡ് തുകക്കായിരുന്നു കെപയെ ബ്ലൂസ് തട്ടകത്തിൽ എത്തിച്ചിരുന്നത്. എന്നാൽ താരത്തിന്റെ മോശം പ്രകടനം ലാംപാർഡിനെ അസംതൃപ്തനാക്കുകയായിരുന്നു.കെപയെ വെച്ച് ബാഴ്സയുമായി സ്വാപ് ഡീൽ നടത്താനൊക്കെ ചെൽസി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *