ജയത്തിനിടയിലും ചെൽസിക്ക് തിരിച്ചടി!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസി ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ചെൽസിക്ക് വേണ്ടി ജോർഗീഞ്ഞോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ സൂപ്പർ താരം റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു.ജയത്തോടെ ചെൽസിയിപ്പോൾ പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരാണ്.
ഏതായാലും വിജയം നേടാൻ കഴിഞ്ഞതിൽ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അദ്ദേഹത്തിന് ആശങ്കയുമുണ്ട്. എന്തെന്നാൽ ചെൽസിയുടെ സൂപ്പർ താരങ്ങളായ തിയാഗോ സിൽവ, എങ്കോളോ കാന്റെ എന്നിവരെ പരിക്ക് മൂലം ചെൽസിക്ക് നഷ്ടമായിരുന്നു. കോവിഡും പരിക്കുമൊക്കെയായി ചെൽസി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) December 27, 2021
ഇതേ കുറിച്ച് ടുഷേൽ പറയുന്നത് ഇങ്ങനെയാണ്. ” വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് ടീം നേടിയെടുത്തത്.നല്ല രൂപത്തിലാണ് താരങ്ങൾ ഈ മത്സരത്തിൽ കളിച്ചത്.ഈ വിജയത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. പക്ഷേ ഒന്ന് രണ്ട് പരിക്കുകൾ ഞങ്ങളുടെ ടീമിലുണ്ട്.ജയം നേടാനായത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ച്ചയായി ഞാൻ താരങ്ങളുടെ ആരോഗ്യത്തെ പറ്റി ആശങ്കാകുലനാണ്.ഓരോ ദിവസവും ഞങ്ങൾ പരിശോധനകൾ നടത്തുകയാണ്.ഇപ്പോൾ കാന്റെ വലിയ വേദനയുടെ പിടിയിലാണ്. യുവന്റസിനെതിരെ ഏറ്റ അതേ പരിക്കിന്റെ സ്ഥാനത്ത് തന്നെയാണ് ഇന്നലെയും പരിക്കേറ്റിരിക്കുന്നത്.തിയാഗോക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ്. ഏതായാലും ഇതിനെല്ലാം പരിഹാരം കണ്ടെത്തി ഞങ്ങൾ അടുത്ത മത്സരത്തിന് ഒരുങ്ങേണ്ടിയിരിക്കുന്നു ” ഇതാണ് ടുഷേൽ പറഞ്ഞത്.
ഇനി ബ്രെയിറ്റണെയാണ് ചെൽസി നേരിടുക. വരുന്ന ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ഈ മത്സരം അരങ്ങേറുക.