ചർച്ച നടന്നു കഴിഞ്ഞു,ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ ബാഴ്സക്കും താല്പര്യം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ച കാര്യം പല മാധ്യമങ്ങളും സ്ഥിരീകരിച്ചതാണ്.പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ല. നിരവധി ക്ലബ്ബുകളെ ഇപ്പോൾ റൊണാൾഡോയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്കും റൊണാൾഡോയിൽ താല്പര്യമുണ്ട് എന്നുള്ള റൂമറുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടും ഈ റൂമർ പങ്കുവെച്ചിട്ടുണ്ട്.
അതായത് ഇന്നലെ എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയും റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസും തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ റൊണാൾഡോയും ചർച്ച വിഷയമായി എന്നാണ് എഎസ്സിന്റെ അവകാശവാദം. റൊണാൾഡോയുടെ കാര്യത്തിൽ ബാഴ്സക്കും താൽപര്യമുണ്ട് എന്നാണ് AS പറഞ്ഞുവെക്കുന്നത്.
💥 Une rumeur surréaliste. Selon AS, le FC Barcelone pourrait être intéressé par une arrivée de Cristiano Ronaldo cet été. https://t.co/fDT82EI1be
— RMC Sport (@RMCsport) July 4, 2022
എന്നാൽ കറ്റാലൻ മാധ്യമങ്ങളായ സ്പോർട്ടും മുണ്ടോ ഡിപ്പോർട്ടിവോയും ഇതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോയെ പറ്റി ഇരുവരും സംസാരിച്ചിട്ടില്ല എന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്.മറിച്ച് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ബെർണാഡോ സിൽവയെ കുറിച്ചും ട്രിൻക്കാവോയെ കുറിച്ചുമാണ് ചർച്ച ചെയ്തത് എന്നാണ് ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏതായാലും സംഭവിക്കാൻ വളരെ സാധ്യത കുറഞ്ഞ ഒരു റൂമറാണ് As പങ്കുവെച്ചിട്ടുള്ളത് എന്നുള്ള കാര്യത്തിൽ സംശയമില്ല. ഒട്ടേറെ കാലം റയലിന് വേണ്ടി കളിച്ച റൊണാൾഡോ ബാഴ്സയിലേക്ക് വരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല ഗുരുതര സാമ്പത്തിക പ്രതിസന്ധിയുള്ള ബാഴ്സ നിലവിൽ റൊണാൾഡോയെ പോലെയുള്ള ഒരു താരത്തെ ടീമിൽ എത്തിച്ചാൽ അത് സാമ്പത്തിക പ്രതിസന്ധി വർധിക്കാൻ കാരണമാകും.