ചെൽസി പരിശീലകന് സമയം നൽകണം, എനിക്ക് ബാഴ്സയിൽ സമയം വേണ്ടാത്തതിന്റെ കാരണം മെസ്സി : പെപ് ഗ്വാർഡിയോള
ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കിയിരുന്നു. അവസാനമായി ചെൽസി കളിച്ച ഏഴു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്തേക്ക് ചെൽസി വീണു പോയിട്ടുണ്ട്.എഫ് എ കപ്പിൽ നിന്നും ലീഗ് കപ്പിൽ നിന്നും ചെൽസി പുറത്താവുകയും ചെയ്തു.
അതുകൊണ്ടുതന്നെ ചെൽസി അവരുടെ പരിശീലകനായ ഗ്രഹാം പോട്ടറെ പുറത്താക്കാൻ സാധ്യതയുണ്ട് എന്ന റൂമറുകൾ സജീവമാണ്. ഇതിനോട് ഇപ്പോൾ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള പ്രതികരിച്ചിട്ടുണ്ട്. അതായത് പോട്ടർക്ക് കൂടുതൽ സമയം നൽകണമെന്നും ബാഴ്സയിൽ തനിക്ക് കൂടുതൽ സമയം ആവശ്യമില്ലാതെ വന്നതിന്റെ കാരണം ലയണൽ മെസ്സി അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ് എന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep has got Potter's back 💪 pic.twitter.com/EXZyQEKYUo
— ESPN UK (@ESPNUK) January 8, 2023
” എനിക്ക് ചെൽസിയുടെ ഉടമസ്ഥനോട് ഇപ്പോൾ പറയാനുള്ളത് ഗ്രഹാം പോട്ടർക്ക് കൂടുതൽ സമയം നൽകുക എന്നുള്ളതാണ്. എല്ലാ പരിശീലകർക്കും സമയം ആവശ്യമാണ്.വലിയ ക്ലബ്ബുകൾക്ക് റിസൾട്ട് പ്രാധാന്യമാണ് എന്നുള്ളത് എനിക്കറിയാം. പക്ഷേ അദ്ദേഹത്തിന് സമയം അനുവദിച്ചു നൽകണം. അദ്ദേഹം ബ്രയിറ്റണിൽ ചെയ്ത കാര്യങ്ങൾ അസാധാരണമാണ്.എനിക്ക് ബാഴ്സയിൽ ആയിരുന്ന സമയത്ത് രണ്ട് സീസണുകൾ ഒന്നും സമയം വേണ്ടി വന്നിരുന്നില്ല.അതിന്റെ കാരണം അവിടെ ലയണൽ മെസ്സി ഉണ്ടായിരുന്നു എന്നുള്ളതാണ് ” പെപ് പറഞ്ഞു
ഏതായാലും ചെൽസി വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവരുടെ പല പ്രധാനപ്പെട്ട താരങ്ങൾക്കും പരിക്കുമാണ്. അതേസമയം ടുഷെലിനെ പുറത്താക്കിയത് വൻ അബദ്ധമായി എന്നാണ് പലരും വാദിക്കുന്നത്.