ചെൽസി, ആഴ്‌സണൽ, ന്യൂകാസിൽ; കൂട്ടീഞ്ഞോയെ റാഞ്ചാൻ വമ്പൻമാർ

ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ കുറിച്ചുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. ഈ സീസണോടെ ബയേൺ മ്യൂണിക്കിൽ ലോൺ കാലാവധി തീരുന്നതോടെ താരം ക്ലബ്‌ വിടുമെന്നുറപ്പായി. കഴിഞ്ഞ ദിവസം താരത്തെ സ്ഥിരമായി നിലനിർത്താൻ താല്പര്യമില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. ഇതോടെ കൂട്ടീഞ്ഞോ തന്റെ പഴയ ക്ലബായ ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബാഴ്സ താരത്തെ ഈ ട്രാൻസ്ഫർ ജാലകത്തിൽ കൈമാറാനുള്ള ഒരുക്കത്തിലാണ്.ഇതോടെ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ വേണ്ടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ചെൽസി, ആഴ്‌സണൽ, ന്യൂകാസിൽ എന്നിവരെല്ലാം തന്നെ താരത്തെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

നിലവിൽ ഇരുടീമിന്റെ പരിശീലകന്മാർക്കും താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ട്. ഇരുടീമുകളും താരത്തിന്റെ ഏജന്റ് ആയ കിയയോട് സംസാരിച്ചു എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ ചെൽസിയാണ് അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആഴ്‌സണലും അദ്ദേഹവുമായി സംസാരിച്ചു. ആഴ്‌സണൽ ടെക്നിക്കൽ ഡയറക്ടറായ എഡു താരത്തിന്റെ ഏജന്റുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് എന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സാധ്യതയുണ്ട്. ഒരു അറ്റാക്കിങ് മിഡ്ഫീൽഡറെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്ന ലംപാർഡിന്റെ മുന്നിലുള്ള നല്ലൊരു ഓപ്ഷനാണ് കൂട്ടീഞ്ഞോ. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ആഴ്‌സണലിനേക്കാൾ കൂടുതൽ സാമ്പത്തികശക്തി ഉള്ളത് ചെൽസിക്കാണെന്നും കൂട്ടീഞ്ഞോക്ക് വേണ്ടി നല്ലൊരു സംഖ്യ തന്നെ മുടക്കിയേക്കുമെന്നും സൂചനയുണ്ട്.

അതേ സമയം പ്രീമിയർ ലീഗിലെ പുത്തൻസാമ്പത്തികശക്തികളായ ന്യൂകാസിൽ യുണൈറ്റഡും താരത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗദി ഓണർഷിപ് ആയതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂ കാസിൽ വമ്പൻ താരങ്ങളെ ടീമിലെത്തിക്കും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ന്യൂ കാസിൽ അധികൃതർ താരത്തിന്റെ ഏജന്റുമായി സംസാരിച്ചതായി മുണ്ടോ ഡീപോർട്ടീവോയും സൂചിപ്പിച്ചിരുന്നു. ഏതായാലും വരുന്ന സീസണിൽ കൂട്ടീഞ്ഞോ പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയേക്കും എന്ന ആശ്വാസത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *