ഗർനാച്ചോയുടെ ബോർഡ് സെലിബ്രേഷൻ,ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഡി മരിയക്കുള്ള മറുപടിയോ?

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോ ഇരട്ട ഗോളുകൾ നേടി കൊണ്ട് മത്സരത്തിൽ തിളങ്ങുകയായിരുന്നു. ശേഷിച്ച ഗോൾ റാസ്മസ് ഹൊയ്ലുണ്ടിന്റെ വകയായിരുന്നു.

മത്സരത്തിന്റെ 49 മിനിട്ടിലാണ് ഗർനാച്ചോ തന്റെ ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസ് ഒരു ഷോട്ടിലൂടെ താരം ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ഗോൾ നേടിയതിനു ശേഷം ഉടൻതന്നെ ബോർഡ് സെലിബ്രേഷനാണ് ഗർനാച്ചോ നടത്തിയത്. അദ്ദേഹത്തിനോടൊപ്പം യുണൈറ്റഡ് സഹതാരങ്ങളായ ഹൊയ്ലുണ്ടും കോബി മൈനൂവും ബോർഡിൽ ഇരുന്നുകൊണ്ട് സെലിബ്രേഷൻ നടത്തിയിരുന്നു. ഇതിന്റെ പുറകിലുള്ള കാരണങ്ങൾ അന്വേഷിച്ചു കൊണ്ട് ഇറങ്ങി തിരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ താരമായ ഡി മരിയ തമാശ രൂപേണ ഒരു സ്റ്റേറ്റ്മെന്റ് നടത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ ഗർനാച്ചോ അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ഡി മരിയ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ഗർനാച്ചോ നൽകിയ മറുപടിയാണ് ഈ സെലിബ്രേഷൻ എന്നാണ് ഭൂരിഭാഗം പേരും കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ബോർഡിന്മേൽ ഇരുന്നുകൊണ്ടുള്ള സെലിബ്രേഷൻ പലപ്പോഴും നടത്തിയിട്ടുള്ള വ്യക്തിയാണ് റൊണാൾഡോ. തന്റെ ഐഡോളിനെ ഒരിക്കൽ കൂടി ഗർനാച്ചോ അനുകരിച്ചു എന്നാണ് പ്രധാനപ്പെട്ട കണ്ടെത്തൽ.

എന്നാൽ ഇതിനു മുൻപ് ഒരു വെസ്റ്റ് ഹാം താരം ഇത്തരത്തിലുള്ള സെലിബ്രേഷൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയിട്ടുണ്ട്. അതിനാണ് ഗർനാച്ചോ മറുപടി നൽകിയതെന്നും ചിലർ കണ്ടെത്തിയിട്ടുണ്ട്.ഏതായാലും സെലിബ്രേഷൻ ചില ഇൻസ്പിരേഷനുകൾ ഉണ്ട് എന്നുള്ള കാര്യം ഗർനാച്ചോ തന്നെ പറഞ്ഞിട്ടുണ്ട്. ആ ഇൻസ്പിരേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുൻപ് ഒരുപാട് തവണ റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിച്ചിട്ടുള്ള വ്യക്തിയാണ് ഗർനാച്ചോ.

Leave a Reply

Your email address will not be published. Required fields are marked *