കൺമണീ നിനക്കായ്!ഗർനാച്ചോയുടെ ഗോൾ സമർപ്പണം.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തിയത്.32ആം മിനിറ്റിൽ ആന്റണി മാർഷ്യലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഗർനാച്ചോയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ 82ആം മിനുട്ടിലാണ് സാഞ്ചോക്ക് പകരക്കാരനായി കൊണ്ട് ഗർനാച്ചോ കളത്തിലേക്ക് എത്തിയത്.തുടർന്ന് 94ആം മിനുട്ടിലാണ് തകർപ്പൻ ഗോൾ താരം നേടിയത്. ഈ ഗോളിന് ശേഷം ഈ അർജന്റീനക്കാരൻ നടത്തിയ സെലിബ്രേഷൻ ഇപ്പോൾ ചർച്ചയായിട്ടുണ്ട്. തന്റെ ജേഴ്‌സിക്കടിയിൽ ബോൾ വച്ചുകൊണ്ട് വിരൽ കടിക്കുന്ന ഒരു സെലിബ്രേഷനാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയാണ് ഈ സെലിബ്രേഷൻ അദ്ദേഹം നടത്തിയിട്ടുള്ളത്.

18 കാരനായ താരത്തിന് ആൺകുഞ്ഞാണ് പിറക്കാൻ പോകുന്നത്. എൻസോ എന്നാണ് അദ്ദേഹത്തിന്റെ പേരായിക്കൊണ്ട് ഇവർ കണ്ടുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഗർനാച്ചോ പങ്കുവെച്ചിട്ടുണ്ട്. അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.

“ഞാൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു, ഞാൻ എൻസോക്കായി കാത്തിരിക്കുകയും ചെയ്യുന്നു ” ഇതാണ് ഗർനാച്ചോ കുറിച്ചിരിക്കുന്നത്. ഇതിന് താഴെ അദ്ദേഹത്തിന്റെ പാർട്ട്ണറായ ഇവ ഗാർഷ്യയുടെ കമന്റുമുണ്ട്.അതിങ്ങനെയാണ്. ” ഞാനും എൻസോയും നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു “ഇതായിരുന്നു അവർ കുറിച്ചിരുന്നത്.

കഴിഞ്ഞ കുറച്ചു കാലം പരിക്കിന്റെ പിടിയിലായിരുന്ന ഗർനാച്ചോ ഈയിടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടാനായി എന്നുള്ളത് ഈ യുവ സൂപ്പർതാരത്തിന് ആത്മവിശ്വാസം പകരുന്ന ഒരു കാര്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഈ സീസണിൽ താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *